
തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ടതിന് ഐപിസി 228എ വകുപ്പ് ചുമത്തിയാണ് രഘുനന്ദനെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കാറിനകത്ത് എംഎൽഎയുടെ മകനൊപ്പം ഇര ഇരിക്കുന്നതിന്റെ ചിത്രവുമാണ് രഘുനന്ദൻ റാവു പുറത്തുവിട്ടത്.
തെലങ്കാന ബിജെപി ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം രഘുനന്ദൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. എഐഎംഐഎം എംഎൽഎയുടെ മകൻ ഈ കേസിലുൾപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം പുറത്തുവിട്ടത്. എംഎൽഎയുടെ മകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു വാർത്താസമ്മേളനം. എല്ലാ മാദ്ധ്യമങ്ങളിലും വാർത്താസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്തതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം വ്യാപകമായി പ്രചരിച്ചു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് യൂട്യൂബർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഷ്ട്രീയഭേദമന്യേ, രഘുനന്ദൻ റാവുവിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി, ഇരയുടെ സ്വകാര്യത പോലും സംരക്ഷിക്കാതെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് തീർത്തും അപലപനീയമാണെന്ന് വിമർശനമുയർത്തി വനിതാ സംഘടനകളും രംഗത്തെത്തി.
അതേസമയം, ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയിൽ തുടരുകയാണ്.