ഹൃദയം സിനിമയിലെ ഗായകൻ മാത്രമായിരുന്നില്ല അരവിന്ദ് വേണുഗോപാൽ, ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഉച്ച സമയമായാൽ വിനീത് ശ്രീനിവാസന് ചുറ്റും ഒരുപറ്റം ആളുകളുണ്ടാകുമെന്ന വെളിപ്പെടുത്തലാണ് അരവിന്ദ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ച് അരവിന്ദ് പറഞ്ഞത്.

വിനീതേട്ടനെ കുറിച്ച് പറയുമ്പോൾ ആദ്യം ഓ‍ർമ വരുന്നത് ബിരിയാണിയാണ്. ഞങ്ങൾ രണ്ടു പേരും ബിരിയാണി ഭയങ്കരമായി ഇഷ്ടപ്പെടുന്നയാളുകളാണ്. ലോക്‌ഡൗൺ സമയത്താണ് വിനീതേട്ടൻ ബിരിയാണി ഉണ്ടാക്കി തുടങ്ങിയത്. ഏത് ബിരിയാണി ഉണ്ടാക്കിയാലും അപ്പോൾ തന്നെ എനിക്ക് ഫോട്ടോ കിട്ടും.

പക്ഷേ,​ വിനീതേട്ടൻ ഉണ്ടാക്കിയ ബിരിയാണി ഇതുവരെ കഴിക്കാൻ പറ്റിയില്ല. ചെന്നൈയിൽ എത്തുമ്പോൾ ഉണ്ടാക്കി തരാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. വിനീതേട്ടൻ എന്ന് കേട്ടാൽ ഇപ്പോൾ ബിരിയാണിയുടെ മുഖമാണ് ഓർമ വരിക.

ഷൂട്ടിംഗ് സെറ്റിന്റെ സമീപത്തുള്ള നല്ല ഫുഡ് കോർട്ടുകളെല്ലാം അദ്ദേഹം നോക്കിവയ്ക്കും. ഉച്ച സമയത്ത് എല്ലാവരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കും. അപ്പോൾ തീരുമാനിച്ച്,​ അപ്പോൾ തന്നെ വണ്ടിയിൽ പോവുന്നതാണ് പുള്ളിയുടെ രീതി.

ആ സമയത്ത് കൂടെ ആരൊക്കെ ഉണ്ടോ അവർക്കെല്ലാം പോകാം. അതുകൊണ്ട് ഉച്ച സമയമാകുമ്പോൾ എല്ലാവരും വിനീതേട്ടനെ ചുറ്റിപ്പറ്റി നിൽക്കും. ചെന്നൈയിൽ ഒത്തിരി സ്ഥലത്ത് ഞങ്ങൾ ഒന്നിച്ച് പോയി കഴിച്ചിട്ടുണ്ട്.

vineeth