ksfe

ഒന്നാം പിണറായി വിജയൻ സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ പദ്ധതികളിൽ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ആരംഭിച്ച് രണ്ടു വർഷം കൊണ്ടു തന്നെ പ്രവാസികളിൽ വൻ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവിൽ 1507 ചിട്ടികളിലായി 55165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ചു കൊണ്ടു തന്നെ ഓൺലൈനായി പണം അടയ്ക്കാനും ലേലത്തിൽ പങ്കെടുക്കാനും ചിട്ടി തുക കൈപ്പറ്റാനും ഈ പദ്ധതി അവസരമൊരുക്കുന്നുണ്ട്.

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇയുടെ പരിചയസമ്പന്നതയും വിശ്വാസ്യതയും പ്രവാസി ചിട്ടിക്ക് നൽകുന്ന സുരക്ഷിതത്വമാണ് പ്രവാസികളെ ആകർഷിച്ച പ്രധാന ഘടകം. ഇന്ത്യയിൽ തന്നെ ഇത്തരമൊരു പദ്ധതിക്ക് ആദ്യമായി തുടക്കം കുറിച്ചത് കെ.എസ്.എഫ്.ഇ ആണെന്നതും ശ്രദ്ധേയമാണ്. നിലവിൽ 45 ലക്ഷം ഇടപാടുകാരും 60,000 കോടി ടേണോവറും ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയത് തികച്ചും സ്വാഭാവികമാണ്.

കഴിഞ്ഞ ദിവസം ഗൾഫിലെ മാദ്ധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ പ്രവാസി ചിട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ നൽകിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് പുറത്തുള്ള പാവപ്പെട്ട തൊഴിലാളികൾക്ക് ചിട്ടിയിൽ പണമടയ്ക്കാൻ മണിഎക്സ്‌ചേഞ്ചുകൾ വഴി സൗകര്യമൊരുക്കാൻ തടസമായി നിൽക്കുന്നത് ആർ.ബി.ഐ നിയമങ്ങളാണ്. അത് പരിഹരിക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പരാമർശിക്കപ്പെട്ട വിഷയം. ഓൺലൈനായി നടന്നുവരുന്ന പ്രവാസി ചിട്ടി സുരക്ഷിതമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.