kk

അകാലത്തിൽ വിടപറഞ്ഞ മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ അവസാന ഗാനം ഏറ്റെടുത്ത് ആരാധകർ. ശ്രീജിത്ത് മുഖർജി രചനയും സംവിധാനവും നിർവഹിച്ച ഷെർദിൽ: ദ പിലിബിത്ത് സാഗ എന്ന ചിത്രത്തിലെ ധൂപ് പാനി ബഹ്നേ ദേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗുൽസാർ രചിച്ച ഗാനത്തിന് ശന്തനു മൊയിത്ര ഈണം പകർന്നിരിക്കുന്നു. ഈ ഗാനത്തിന്റെ റെക്കോർഡിങ്ങിനു ശേഷം കെകെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ ഹൃദയഭേദമാകുന്നു. എന്റെ പഴയ സുഹൃത്തായ മൊയ്‌ത്ര ശന്തനുവേണ്ടി ഒരു ഗാനം ആലപിച്ചു. ഡൽഹി ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചാണ് ഗാനങ്ങൾ ഒരുക്കിയത്. ശ്രീജിത് മുഖർജി എന്ന പുതിയ സുഹൃത്തിനുവേണ്ടി ഗുൽസാർ സാബ് എന്ന പഴയ മറ്റൊരു സുഹൃത്താണ് ഈ ഗാനം എഴുതിയിരിക്കുന്നത്. എന്നിലുള്ള വിശ്വാസത്തിന് വളരെ നന്ദി എന്നായിരുന്നു കെകെയുടെ പോസ്റ്റ്. പങ്കജ് ത്രിപാഠി ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെകെയുടെ അവസാന സിനിമാ ഗാനം ബോളിവുഡിൽ തരംഗമാവുന്നു.