ios-16-launched

ഒടുവിൽ ആപ്പിൾ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു. ആപ്പിളിന്റെ വാർഷിക കോൺഫറൻസായ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിന്റെ കീനോട്ട് അഡ്രസിലാണ് (ഡബ്ല്യു ഡബ്ല്യു ഡി സി 2022) ഐ ഒ എസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐ ഒ എസ് 16 അവതരിപ്പിച്ചത്.

ഒട്ടേറെ സവിഷേതയോടെയാണ് ഇത് ഉപയോക്താക്കളിലേക്കെത്തുന്നത്. ഈ വർഷാവസാനത്തോടെ ഈ പതിപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഐ ഫോൺ 8 ന് ശേഷമുള്ള ഫോണുകളിലെല്ലാം ആപ്പിൾ ഈ പതിപ്പ് അപ്ഡേഷനായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓവർഹോൾഡ് ലോക്സ്ക്രീൻ, മെച്ചപ്പെട്ട നോട്ടിഫിക്കേഷൻ സിസ്റ്റവും പുനർ രൂപകൽപന ചെയ്ത ആപ്പുകളും ഒക്കെയായിട്ടായിരിക്കും ഐ ഒ എസ് 16 എത്തുക. പതിപ്പിന്റെ ഡെവലപ്പർ പ്രിവ്യു ഈ ആഴ്ച ലഭ്യമാക്കും. തുടർന്ന് അടുത്ത മാസത്തോടെ പൊതു ബീറ്റാ പതിപ്പ് ഇറക്കും. അതിനും പിന്നാലെയായിരിക്കും ഉപയോക്താക്കൾക്കായി പബ്ലിക് റോളൗട്ട് നടത്തുക.

മെസേജിംഗ്, ലോക് സ്ക്രീൻ വിഡ്ജെറ്റ്സ്, പുതിയ നോട്ടിഫിക്കേഷൻ സിസ്റ്റം, ലൈവ് ആക്ടീവ് ഫോക്കസ് ഫിൽട്ടറുകൾ തുടങ്ങിയവയാണ് പതിപ്പിന്റെ പ്രധാന പ്രത്യേകതകൾ.

1. മെച്ചപ്പെടുത്തിയ ലോക്ക് സ്ക്രീൻ സപ്പോർട്ടും വിഡ്ജെറ്റുകളും

മൾട്ടി ലെയേഡായിട്ടുള്ളതും ഉപയോക്താവിന് ഇഷ്ടാനുസൃതം കസ്റ്റമൈസ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള ലോക് സ്ക്രീൻ എന്നത് ഈ അപ്ഡേറ്റിന്റെ ശ്രദ്ധേയമായ മാറ്റമാണ്. വർഷങ്ങളായി ലോക് സ്ക്രീനിൽ കൊണ്ടുവരുന്ന അപ്ഡേറ്റുകളിൽ ഏറ്റവും വലിയ മാറ്റമാണിത്.

ഐ ഒ എസ് 14 ലൂടെ ആപ്പിൾ അവതരിപ്പിച്ച ഹോം സ്ക്രീൻ വിഡ്ജെറ്റ് സൗകര്യത്തിലും വലിയ മാറ്റങ്ങളാണ് കമ്പനി ഇത്തവണ കൊണ്ടുവരുന്നത്. അടുത്ത അപ്ഡേറ്റിൽ വരുന്ന എംബഡഡ് വിഡ്ജെറ്റ് ഫീച്ചറിലൂടെ ഉപയോക്താവിന് ഇഷ്ടമുള്ള വാൾപേപ്പർ അനായാസം സെറ്റ് ചെയ്യാം. അതിനായി ലോക് സ്ക്രീനിൽ തന്നെ അത്തരം വിഡ്ജെറ്റുകൾ ലഭ്യമാണ്. ലോംഗ് പ്രസ് ചെയ്യുന്നതിലൂടെ ഇവ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കൂടാതെ സ്വൈപ്പ് ചെയ്ത് ആവശ്യമായ ടെംപ്ലേറ്റുകളും തിരഞ്ഞെടുക്കാം. മിസ്ഡ് കാളുകൾ, നോട്ടിഫിക്കേഷനുകൾ, അലെർട്ടുകൾ എന്നിവയുടെ കാര്യത്തിലും ഈ വിഡ്ജെറ്റുകൾ ഉപകാരപ്പെടും.

2. ഫോക്കസ് ഫിൽറ്റർ

ഐ ഒ എസ് 15ലാണ് ഫോക്കസ് മോഡ് അവതരിപ്പിച്ചതെങ്കിലും ലോക് സ്ക്രീനിന് ഒപ്പം ഇത് കൊണ്ടുവരുന്നത് 16ലാണ്. ലോക് സ്ക്രീൻ സ്വൈപ്പ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ഇത് ആക്ടിവേറ്റ് ചെയ്യാനാകും. ചില പ്രത്യേക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ ഈ ഫീച്ചർ സഹായിക്കും. സഫാരി, കലണ്ടർ, ചില കമ്യൂണിക്കേഷൻ ആപ്പുകൾ തുടങ്ങിയവയ്ക്ക് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ ഫീച്ചർ.

3. മെയിലുകൾ

റെസിപ്പിയന്റ് ബോക്സിലേക്ക് ഡെലിവർ ആകുന്നതിന് മുമ്പ് മെയിൽ കാൻസൽ ചെയ്യാൻ കഴിയും എന്ന ഒരു വലിയ മാറ്റമാണ് ഇത്തവണത്തെ അപ്ഡേറ്റിലൂടെ ആപ്പിൾ കൊണ്ടുവരുന്നത്. കൂടാതെ മെയിലുകൾ അയക്കാനുള്ള സമയം നേരത്തേകൂട്ടി ഷെഡ്യൂൾ ചെയ്യാനും സാധിക്കും. മെയിലിൽ ഉൾപ്പെടുത്തേണ്ട കാര്യം എന്താണെന്നതിനെക്കുറിച്ച് ഉപയോക്താവിനെ ഓർമ്മിപ്പിക്കാനുള്ള സംവിധാനവും ഐ ഒ എസ് 16ലുണ്ട്. അടുത്ത കാലത്ത് അയച്ച ഇ-മെയിലുകൾ, കോണ്ടാക്ടുകൾ, ഡോക്യുമെന്റുകൾ, ലിങ്കുകൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഫീച്ചറും ഇതിലുൾപ്പെടുന്നു.

4 മെസേജുകൾ

പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിലെപ്പോലെ അയച്ച മെസേജ് എഡിറ്റ് ചെയ്യുക, അയച്ച മെസേജ് ഡിലീറ്റ് ചെയ്യുക തുടങ്ങിയ വമ്പൻ മാറ്റങ്ങളാണ് ആപ്പിൾ മെസേജസിൽ ഐ ഒ എസ് 16 കൊണ്ടുവരുന്നത്. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് ഡിലീറ്റ് ചെയ്തു എന്ന് പോലും ആപ്പിൾ മേസെജസിനുള്ളിൽ കാണിക്കില്ല. വായിച്ചവ അൺറീഡ് ആക്കി ഇടാനും ഇനി മുതൽ സാധിക്കും. മെസേജസിൽ നിന്ന് നേരിട്ട് ഷെയർ പ്ലേയിലേക്ക് പോകാനുള്ള സംവിധാനവും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

5. ലൈവ് ടെക്സ്റ്റിന് വീഡിയോ സപ്പോർട്ട്

ഇനി മുതൽ കണ്ടു കൊണ്ടിരിക്കുന്ന വീഡിയോ ഇടയ്ക്ക് വച്ച് നിറുത്തിയ ശേഷം സ്ക്രീനിലെ ടെക്സ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആപ്പിൾ ഫോട്ടോസിൽ നേരത്തെ തന്നെ ഈ ഫീച്ചർ ഉണ്ടായിരുന്നു. സമാനമായ ഫീച്ചർ ഉണ്ടാക്കാൻ മറ്റ് ആപ്പ് ഡെവലപ്പർമാരെ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ എപിഐ ലഭ്യമാക്കിയിരിക്കുന്നത്.

6. വിഷ്വൽ ലുക്ക് ആപ്പ്

ഇനിമുതൽ കയ്യിലുള്ള ഫോട്ടോ അനായാസം സ്റ്റിക്കർ ആക്കാൻ സാധിക്കും. പ്രധാനമായും മൃഗങ്ങളുടെയും പക്ഷികളുടെയും ഫോട്ടോകളാണ് എളുപ്പത്തിൽ സ്റ്റിക്കർ ആക്കാൻ കഴിയുക. ഇവ മെസേജുകൾക്കൊപ്പം അയയ്ക്കാനും സാധിക്കും.

7. ഐക്ലൗഡ് ഷെഡ് ഫോട്ടോ ലൈബ്രറി

ഒരു കൂട്ടം ആൾക്കാരുടെ കയ്യിലുള്ള ഐ ഫോണുകളിൽ എടുക്കുന്ന ഫോട്ടോകൾ ഇനി ഒരു ലൈബ്രറിയിലേക്ക് സേവ് ചെയ്യാം. അവയിലേക്ക് കയറി ആ കൂട്ടത്തിലുള്ള ആർക്കും ഫോട്ടോ സ്വന്തം ഫോണിലേക്ക് സേവ് ചെയ്യുകയും ചെയ്യാം. ഏറ്റവും മികച്ച ഫോട്ടോകൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഐ ക്ലൗഡ് ഷെഡ് ലൈബ്രറിയുടെ ആപ്പിൾ ലക്ഷ്യമിടുന്നത്. ഓരോരുത്തരുടെയും മെമ്മറീസ്, ഫീച്ചേഴ്സ് എന്നിവയിലും ഈ ഫോട്ടോകൾ കാണാൻ സാധിക്കും.

8. നോട്ടിഫിക്കേഷൻ സെന്റർ, ലൈവ് ആക്ടിവിറ്റീസ്

ഐഒഎസ് 12ന് ശേഷം നോട്ടിഫിക്കേഷൻ സെന്ററിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഐഒഎസ് 16ലൂടെ ആപ്പിൾ കൊണ്ടുവരുന്നത്. നോട്ടിഫിക്കേഷൻസിന് താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യുകയോ ഒളിപ്പിച്ച് വയ്ക്കുകയോ ചെയ്യാം. ഇന്ററാക്ടീവ് വിഡ‌്ജെറ്റുകളെ പോലെ പ്രവർത്തിക്കാനും ഇത് സഹായിക്കും.

9. പേ ലേറ്റർ

ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകളിലൊന്നാണ് പേ ലേറ്റർ ഫീച്ചർ. ഈ ഫീച്ചർ അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ കിട്ടുക. കൂടാതെ വാലറ്റ് ആപ്പിൽ തന്നെ റെസീപ്റ്റ് കിട്ടുന്ന തരത്തിൽ ഓർഡർ ട്രാക്കിങ് ഫീച്ചറും എത്തുന്നുണ്ട്. വയസ് തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ രേഖകളും വാലറ്റിൽ സൂക്ഷിക്കാം.

10. കാർപ്ലേ

വാഹനത്തിന്റെ ഹാർഡ്‌വെയറുമായി സഹകരിച്ച് പ്രവർത്തിപ്പിക്കാവുന്ന കാർ പ്ലേയാണ് പുതിയ ഫീച്ചർ. ഒന്നിലധികം സ്ക്രീനുകളിലേക്ക് കണ്ടന്റുകൾ കോപ്പി ചെയ്യാനും ഇതിലൂടെ സാധിക്കും. എത്ര ഇന്ധനം ബാക്കിയുണ്ട്, കാറിനുള്ളിലെ താപം എത്രയാണ്, കാറിന്റെ സ്പീഡ് തുടങ്ങിയവയും ഈ ഫീച്ചറിലൂടെ അറിയാൻ സാധിക്കും.

11. ഡിക്ടേഷൻ

ടൈപ്പ് ചെയ്യുന്നതിൽ വ്യത്യാസം കൊണ്ടുവരാൻ സഹായിക്കുന്ന ഫീച്ചറാണിത്. ശബ്ദം വഴി ടൈപ്പ് ചെയ്യാവുന്ന തത്സമയ ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചറും ഇതിലുണ്ട്.