
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ താൻ ഉന്നയിച്ച കാര്യങ്ങൾ എല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞു കൊണ്ടുതന്നെയാണ് സ്വർണക്കടത്ത് നടന്നത് എന്ന് തെളിയുുന്നു.
ബിരിയാണി പാത്രം കൊണ്ട് മറച്ചാലും സത്യം പുറത്തുവരും. വസ്തുതകൾ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. സ്വർണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും നടക്കില്ല. പഴയ കേസാണ് എന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല. ജനങ്ങൾ വിശ്വസിച്ചില്ല എന്നാണ് സർക്കാർ പറയുന്നത്. ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ കൈയിൽ പറ്റിയ എല്ലാ അഴിമതി കറകളും മുഖ്യമന്ത്രിക്ക് കഴുകി കളയാൻ സാധിക്കില്ല. സ്വർണക്കടത്ത് കേസിൽ ഇനിയും വസ്തുതകൾ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
വസ്തുതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താൻ പറഞ്ഞിട്ടിവ്വ. പറഞ്ഞ കാര്യങ്ങൾ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല. വസ്തുതകളുടെയും രേഖകളുടെയും പിൻബലത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. സ്വപ്നയുടെ രഹസ്യമൊഴിയെ അതീവവ ഗൗരവമായാണ് കാണുന്നത്. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ