
ന്യൂയോർക്ക്: അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്തവരുടെയെല്ലാം രോഗം ഭേദമായെന്ന് കണ്ടെത്തൽ. മലാശയ ക്യാൻസർ രോഗികളായ വളരെ കുറച്ചുപേരിൽ നടത്തിയ പരീക്ഷണത്തിൽ 100 ശതമാനം വിജയമാണ് ഉണ്ടായത്. ന്യൂയോർക്ക് ടൈംസ് നൽകുന്ന വിവരമനുസരിച്ച് രോഗം പരിപൂർണമായി ഭേദമായെന്നും തുടർചികിത്സ വേണ്ടിവരില്ലെന്നും പരീക്ഷണത്തിന് വിധേയമായവർ വിശ്വസിച്ചതേയില്ല.
ഡോസ്‌ടാലിമാബ് എന്ന മരുന്നാണ് 18 മലാശയ ക്യാൻസർ രോഗബാധിതർക്ക് നൽകിയത്. ഗർഭാശയ ക്യാൻസർ രോഗത്തിന് ഇമ്മ്യൂണോതെറാപ്പി മരുന്നായി ഉപയോഗിക്കുന്നതാണ് ഡോസ്‌ടാലിമാബ്. ഇതാദ്യമായി മലാശയ ക്യാൻസർ രോഗത്തിന് ഈ മരുന്ന് ഫലപ്രദമാണോയെന്ന് പരീക്ഷണം നടത്തിയതാണ് ഗവേഷകർ. അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു. മെമ്മോറിയൽ സ്ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്റർ(എംഎസ്‌കെ)യിലെ ഡോക്‌ടറാണ് അദ്ദേഹം.
കൂടുതൽ രോഗികളിൽ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. രോഗികളിലെല്ലാം ജനിതക മാറ്റമുളള ക്യാൻസറാണ് ബാധിച്ചിരുന്നത്. ഇത്തരം അർബുദ കോശങ്ങൾ കീമോത്തെറാപ്പി, റേഡിയേഷൻ ചികിത്സയിലൂടെ മാറുക കുറവാണ്. അവ ശസ്‌ത്രക്രിയ വഴി പുറത്തുകളയുകയായിരുന്നു ഇതുവരെയുളള സാദ്ധ്യത. ഇത്തരം രോഗികൾക്ക് ശസ്‌ത്രക്രിയ ഒഴിവാകുന്നതാണ് നിലവിലെ കണ്ടെത്തൽ. സാധാരണ ഇത്തരക്കാരിൽ രോഗചികിത്സയെ തുടർന്ന് വന്ധ്യത, കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രശ്‌നങ്ങൾ, ലൈംഗിക അപര്യാപ്‌തത എന്നിങ്ങനെ ദീർഘനാൾ നീളുന്ന ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.
ആറ് മാസം നീളുന്ന ചികിത്സയിൽ ഒരു മാസത്തിൽ മൂന്നാഴ്‌ച ഡോസ്‌ടാലിമാബ് നൽകി. ഇവരിൽ രോഗം മാറി. എംആർഐ സ്‌കാൻ വഴിയോ, എൻഡോസ്‌കോപ്പി വഴിയോ ബയോപ്‌സിയിലൂടെയോ ക്യാൻസർ കോശങ്ങളുടെ സാന്നിദ്ധ്യം പിന്നീട് ഇവരുടെ ശരീരത്തിൽ കണ്ടെത്താനായില്ല. ചെറിയ തരത്തിൽ ചൊറിച്ചിൽ, ക്ഷീണം ഇവയൊക്കെ രോഗികൾക്ക് തോന്നിയെങ്കിലും അവ ഗൗരവമായ പ്രശ്‌നമാകാതിരുന്നതും ഗവേഷകർക്ക് പ്രത്യാശ നൽകുന്നു. മുപ്പതോളം പേർക്ക് ആകെ പരീക്ഷണം നടത്താനാണ് ഗവേഷകർ നിശ്ചയിച്ചിരുന്നത്. ഇവരിൽ മുഴുവൻ പേരുടെയും ഫലം വരുമ്പോഴേ ചികിത്സയുടെ പൂർണചിത്രം വ്യക്തമാകൂ.