
തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢപദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയും കുടുംബവും ബാഗിൽ കറൻസി കടത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണത്തിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല. ജനങ്ങൾക്ക് മുന്നിൽ വീണ്ടും അസത്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. . ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. 2016ൽ . മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയസമയത്താണ് ആദ്യമായി ശിവശങ്കർ കോൺസുലേറ്റ് സെക്രട്ടറിയെന്ന നിലയിൽ തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. അതിൻപ്രകാരം കോൺസുലേറ്റിലെ ഡിപ്ളോമാറ്റിന്റെ കൈയിൽ ബാഗ് കൊടുത്തുവിട്ടു. എന്നാൽ അതിനുള്ളിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്കാനിംഗ് മെഷീനിൽ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലാക്കിയത്.മാത്രമല്ല ലോഹ വസ്തുക്കൾ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ പല പ്രാവശ്യം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്നും ക്ളിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദേശപ്രകാരം കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറൽ കൊടുത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന പറഞ്ഞു.
ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ സംഘടകൾ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലിംലീഗും പ്രതിഷേധ മാർച്ച് നടത്തി.