jayashankar

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും ഓഫീസിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുത്താൽ പുതുപ്പള‌ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടുമെന്നും ജയശങ്കർ പറയുന്നു.

അതേസമയം അസത്യങ്ങൾ വീണ്ടും ജനമദ്ധ്യത്തിൽ പ്രചരിപ്പിച്ച് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്ന് ഓർമ്മിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ സ്വപ്‌ന സുരേഷിന് മറുപടി നൽകി. മുഖ്യമന്ത്രി 2016ൽ ഒരു ബാഗ് നിറയെ കറൻസി കടത്തിയതായും ഈ സംഭവത്തിനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ അന്ന് കോൺസുൽ സെക്രട്ടറിയായ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്നുമാണ് സ്വപ്‌ന സുരേഷ് വ്യക്തമാക്കിയത്.

മാത്രമല്ല ലോഹവസ്‌തുക്കൾ അടങ്ങിയെന്ന് മനസിലാക്കുന്ന വലിയ ബിരിയാണി പാത്രങ്ങൾ പലതവണ കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിൽ കൊടുത്തുവിട്ടതായും സ്വപ്‌ന ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കും എം.ശിവശങ്കറിനും പുറമേ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവർക്കും അറിവുണ്ടെന്നാണ് സ്വപ്‌ന ആരോപിച്ചത്.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ...
ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും.