
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ധാർമ്മിക യോഗ്യതയില്ല. സ്വപ്ന ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.
രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കറൻസി കടത്തിയെന്നത് കേരളത്തിന് നാണക്കേടാണ്. ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചത് മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ല.അദ്ദേഹം അഭിപ്രായപ്പെട്ടു,
യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങൾ ഇപ്പോൾ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. കുറ്റസമ്മത മൊഴി ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ കൈയ്യിലുള്ളപ്പോൾ അന്വേഷണ ഏജൻസികൾ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ അന്വേഷണം അവസാനിപ്പിച്ച് ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന ചോദ്യം പ്രതിപക്ഷം നിരവധി തവണ ഉന്നയിച്ചതാണെന്നും വി.ഡി സതീശൻ ചോദിച്ചിരുന്നു.