
പിളള മനസിൽ കളളമില്ല എന്ന് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. കള്ളത്തരം പറയാൻ കുഞ്ഞുങ്ങൾക്ക് അറിയില്ല എന്നാണ് അർത്ഥം. പല സന്ദർഭങ്ങളിലും അവരുടെ സംസാരവും പെരുമാറ്റവുമൊക്കെ അത് തെളിയിച്ചിട്ടുണ്ട്. ഏതാണ്ട് അത്തരമൊരു കാഴ്‌ചയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫറായ കോർട്‌നി ലിൻഡ്ബർട്ട് തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്‌ത ഒരു കാഴ്‌ചയാണ് ഇവിടെ വിഷയം.
ഒരു കിന്റർഗാർഡനിലെ കൊച്ചുകുട്ടികളോട് അവരുടെ വിജയാഘോഷ ദിനത്തിൽ ടീച്ചർ ചോദ്യം ചോദിച്ചു. ഈ കിന്റർഗാർഡനിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് എന്താണെന്ന്? ഒരാൾ കണക്കാണെന്ന് പറഞ്ഞു. മറ്റൊരു ആൺകുട്ടിയോട് ടീച്ചർ ചോദ്യം ചോദിച്ചതും അവൻ ഇവിടെ നിന്നും പോകുന്നതാണ് ഇഷ്‌ടം എന്നു പറഞ്ഞു. ഈ ഉത്തരം പലരിലും ചിരിയുളവാക്കി. കുട്ടി സത്യസന്ധനാണെന്നാണ് ചിലരുടെ കമന്റ്. എല്ലാ ക്ളാസിലും ഇത്തരത്തിലൊരാൾ ഉണ്ടാകുമെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇതിനകം അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.