fire

ധാക്ക : ബംഗ്ലാദേശിൽ ചി​റ്റഗോങ്ങിൽ 41 പേരുടെ മരണത്തിനിടയാക്കിയ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരുന്ന ഹൈഡ്രജൻ പെറോക്സൈഡ് അടക്കമുള്ള രാസവസ്തുക്കളിൽ നിന്ന് തീപിടിത്തവും പിന്നാലെ വൻ പൊട്ടിത്തെറിയുമുണ്ടായത്.

തീ പൂർണമായും അണച്ചിട്ടില്ലെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിശമന സേന പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കണ്ടെയ്‌നർ ഡിപ്പോ പ്രവർത്തിച്ചുവന്നതെന്നാണ് നിഗമനം. രാസവസ്തുക്കൾ സൂക്ഷിക്കാനുള്ള സംവിധാനവുമില്ലായിരുന്നെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

49 പേർ മരിച്ചെന്നായിരുന്നു ആദ്യം കണക്കെങ്കിലും പട്ടികയിൽ തെറ്റുപറ്റിയതാണെന്നും 41 മരണമാണ് സ്ഥിരീകരിച്ചതെന്നും പൊലീസ് ഇന്നലെ അറിയിച്ചു. 9 അഗ്നിശമന സേനാംഗങ്ങളും മരിച്ചു. 200ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.