
തിരുവനന്തപുരം: സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കെ. സുരേന്ദ്രനാണ് കേസിൽ ഒന്നാംപ്രതി. സി.കെ. ജാനു രണ്ടാംപ്രതിയാകും. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയലിനെയും കേസിൽ പ്രതി ചേർക്കും.
ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം അടുത്ത ആഴ്ചയോടെ ലഭിക്കും. നിയസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ കെ. സുരേന്ദ്രൻ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സി.കെ, ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.
അതേസമയം മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കേസ്.