sevens

മലപ്പുറം: നിലമ്പൂരിൽ സെവൻസ് മത്സരവേദി തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. നിലമ്പൂർ പൂക്കോട്ടുംപാടത്ത് അൽപംമുൻപാണ് സംഭവം. പത്തോളം കാണികൾക്കാണ് പരിക്കെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. കളികാണാൻ ഏതാണ്ട് 700 പേരോളം ഇവിടെയുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂരിലും വണ്ടൂരിലുമുള‌ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.

പൂക്കോട്ടും പാടം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനിയിൽ നാല് തട്ടുകളായി മുളയുപയോഗിച്ച് കെട്ടിയുയർത്തിയ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്നലെ മഴമൂലം ഇന്നത്തേക്ക് മാറ്റിവച്ച മത്സരം നടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞമാസം വണ്ടൂരിനടുത്ത് പൂങ്ങോടും ഫുട്‌ബാൾ ഗാലറി തകർന്നുവീണ് നൂറോളം പേർക്ക് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. ആയിരംപേർക്ക് ഇരിക്കാവുന്നയിടത്ത് ഏഴായിരം പേരെ കളികാണാൻ കയറ്റിയിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ച കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.