
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്നത്. മാർച്ച് നാലിന് 2190 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
എറണാകുളത്ത് മാത്രം ഇന്നലെ 622 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മരണസംഖ്യയും കൂടുന്നുണ്ട്. അടുത്ത ഒരാഴ്ച നിർണായകമാണ്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കേന്ദ്രം നിർദേശം നൽകി.