
തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കരിദിനം ആചരിക്കും.
ഇന്നലെ രാത്രി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നാണ് സി പി എമ്മിന്റെ പ്രതികരണം. അസത്യ പ്രചാരണം ജനം തള്ളുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.
സ്വർണക്കടത്ത് പുറത്തുവന്ന അവസരത്തിൽ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും സി പി ഐ നിർവാഹക സമിതിയിലും വിഷയം ചർച്ചയാകും.