
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല ഉത്തരവിൽ തുടർനടപടി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക എന്ന നിലപാടാണ് സർക്കാരിനെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
വിഷയത്തിൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദം അനാവശ്യമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കർഷക താത്പര്യം പരിഗണിച്ചായിരിക്കും സർക്കാർ പ്രവർത്തിക്കുക. കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. കർഷകരുമായി ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം ഇവിടെയില്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. അതേസമയം, പരിസ്ഥിതി ലോല മേഖല ഉത്തരവിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന ആരംഭിച്ചിട്ടുണ്ട്.