peeyush-goyal-

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് തൊട്ടുചേർന്ന പട്ടികജാതി കോളനിയിലെ ചെല്ലമ്മ അയ്യരുടെ കൊച്ചുവീട്ടി​ൽ ഇന്നലെ ഉത്സവമായി​രുന്നു. ഇസഡ് കാറ്റഗറി​ സുരക്ഷയുള്ള വി​.ഐ.പി​ കേന്ദ്രവാണി​ജ്യ മന്ത്രി​ പീ​യൂഷ് ഗോയൽ ഉച്ചയ്ക്ക് ഊണുകഴി​ക്കാൻ എത്തി​യത് ഈ വീട്ടി​ൽ. സൗഭാഗ്യത്തി​ൽ കോളനി​ വാസി​കളാകെ മതി​മറന്നു .

തമാശ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കോളനിവാസികളെ മന്ത്രി കൈയ്യിലെടുത്തു. ഉച്ചയ്ക്ക് ഒന്നേകാലി​നെത്തി​യ മന്ത്രി ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കോളനിവാസികൾക്കും നാട്ടുകാർക്കും ബി.ജെ.പി പ്രവർത്തകർക്കുമൊപ്പം കാൽനടയായാണ് മന്ത്രി കോളനിയിലേക്ക് പ്രവേശിച്ചത്. കാത്തുനിന്നവരോടെല്ലാം കുശലം പറഞ്ഞു. ഹസ്തദാനവും നൽകി​. ഇടവഴിയരികിലെ അംഗണവാടിയിലും കയറി​ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ചെല്ലമ്മ, മകൻ പുരുഷോത്തമൻ, മരുമകൾ ശാന്തിനി എന്നിവർ ചേർന്നാണ് മന്ത്രിയെ വരവേറ്റത്. ശാന്തിനിയോട് പ്രേമവിവാഹമായിരുന്നോയെന്ന് മന്ത്രി ചോദിച്ചത് കൂട്ടച്ചിരി പടർത്തി. ചെല്ലമ്മയുടെ കുടുംബവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ മന്ത്രി വീട്ടുകാർക്കൊപ്പമിരുന്ന് വിഭവസമൃദ്ധമായ സദ്യ കഴിച്ചു. പായസവും ഇഷ്ടപ്പെട്ടു. സദ്യയെക്കുറിച്ച് മന്ത്രി പ്രതികരിച്ചത് 'അച്ഛാ നഹി, ബഹുത്ത് അച്ഛാ' എന്നാണ്.

ചെല്ലമ്മയെ ഷാൾ അണിയിച്ച മന്ത്രി കാൽതൊട്ട് വന്ദിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സെക്രട്ടറി ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്. സജി, സെക്രട്ടറി ബസിന്ത് കുമാർ, ഷാജി മൂത്തേടൻ, പ്രമോദ് തൃക്കാക്കര, പി.സി. ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ശിവൻ, അംഗങ്ങളായ ബേബി സരോജം, സുനിത മോൾ, ബ്ളോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ എന്നിവരും സംബന്ധിച്ചു.