
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞു. അതിൽ കൂടുതൽ ഇനിയെന്ത് പ്രതികരിക്കാനാണ്. ഇത്തരം ആരോപണങ്ങൾ കേരളത്തിൽ ആദ്യമായിട്ടല്ല."- മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തിൽ ഇടതുമുന്നണി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതത ഗൂഢാലോചനയുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. നടക്കുന്നത് മാഫിയാ പ്രവർത്തനമാണ്. ആരോപണത്തിന് പിന്നിൽ പി സി ജോർജ് മാത്രമല്ല, ആർ എസ് എസ് കൂടിയാണ്. മുഖ്യമന്ത്രിയുടെ ജനപ്രീതി തകർക്കാനാണ് ശ്രമം.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സ്വപ്‌ന സുരേഷിനെ സല്‍കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍ എസ് എസാണ്. അതുകൊണ്ട് ആരാണ് ഇതിന് പിന്നിലെന്ന് പ്രത്യേകം പറയണ്ടല്ലോ.ചെമ്പിൽ സ്വർണം കടത്തുമെന്ന് ആര് വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു.