rbi-governor

മുംബയ്: വീണ്ടും റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. മേയ് മാസം നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ജൂണിലും ആര്‍.ബി.ഐ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് (ഇന്ത്യയുടെത് റിസർവ് ബാങ്ക്) ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കുറവുണ്ടായാൽ വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. മോണിറ്ററി അതോറിറ്റികൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്ക് ഉപയോഗിക്കുന്നു.

rbi-governor

​​​0.50 ശതമാനത്തിന്റെ വർദ്ധനവാണ് ഇപ്പോൾ ആർ.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായിരിക്കുകയാണ്. കൊവിഡ് മൂലം സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും റിസർവ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 5.7 ശതമാനത്തില്‍ നിന്ന് 6.7ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ആ‌ർ.ബി.ഐ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ വായ്‌പ നിക്ഷേപ പലിശകള്‍ വർദ്ധിപ്പിച്ചിരുന്നു.