
കോഴികളുടെ ആയുസ് വീട്ടിൽ വിരുന്നുകാർ വരുന്നതിനെ ആശ്രയിച്ചിരിക്കും എന്ന പഴമൊഴികൾ കേട്ടിട്ടില്ലേ, എന്നാൽ ശരിക്കും കോഴികൾ ഇങ്ങനെ ആയിരുന്നില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി, എക്‌സെറ്റർ യൂണിവേഴ്സിറ്റി, കാർഡിഫ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 23 വർഷം വരെ ആയുസ് ഉണ്ടായിരുന്ന, കാടുകളിലെ മരങ്ങളിൽ താമസിച്ചിരുന്ന ഒരു പക്ഷിയായിരുന്നു കോഴി. ബിസി 1500 വരെ കോഴിയും മനുഷ്യനും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നുമില്ല.
എന്നാൽ കോഴികളിൽ രൂപപ്പെട്ട ചില സ്വഭാവ വ്യതിയാനങ്ങളാണ് മരത്തിൽ നിന്നും താഴേക്ക് ഇറങ്ങാൻ ഇവയെ പ്രേരിപ്പിച്ചത് . അരിയാഹാരം ഇഷ്ടമുള്ള കോഴികൾ നെൽച്ചെടികൾ വ്യാപകമായതോടെ ആഹാരത്തിനായിട്ടാണ് മരത്തിൽ നിന്നും ഇറങ്ങിയത്. നിരന്തരം നെല്ല് ആഹാരം ആക്കിയതോടെയാണ് മരത്തിൽ സ്ഥിരമായി ഇരിക്കുന്ന സ്വഭാവം കോഴികൾ മതിയാക്കിയത്. 'ആന്റിക്വിറ്റി' ജേണലിലാണ് ഈ പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർബൺ ഡേറ്റിംഗിന്റെ സഹായത്തോടെ ഗവേഷകർ നടത്തിയ പരിശോധനയിൽ യുറേഷ്യയിലും വടക്ക്പടിഞ്ഞാറൻ ആഫ്രിക്കയിലും കണ്ടെത്തിയ ആദ്യകാല കോഴികൾക്ക് ഏകദേശം 23 വയസുണ്ടെന്ന് കണ്ടെത്തി. കാട്ടുപക്ഷികളായ കോഴികളെ മനുഷ്യൻ വളർത്തുപക്ഷിയാക്കി മാറ്റുകയായിരുന്നു. നെൽകൃഷിയുടെ വ്യാപനത്തോടെ കോഴിവളർത്തലും വ്യാപകമായി.