
ഔറംഗബാദ് : പ്രവാചകനെ കുറിച്ചുള്ള ബി ജെ പി മുൻ വനിത നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി. പ്രധാനമന്ത്രി മോദി ഇന്ത്യൻ മുസ്ലീങ്ങൾ പറയുന്നത് കേട്ടില്ലെന്നും വിദേശ രാജ്യങ്ങൾ പ്രതികരിക്കുമ്പോൾ മാത്രമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിവാദ പരാമർശങ്ങളുടെ പേരിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി ജെ പി മുൻ വക്താവ് കൂടിയായ ശർമയെ സസ്‌പെൻഡ് ചെയ്യുകയും ജിൻഡാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തത് അവരുടെ പ്രസ്താവനകളിൽ വിദേശ രാജ്യങ്ങളിൽ രോഷം ഉയർന്നപ്പോൾ മാത്രമാണെന്ന് ലാത്തൂരിൽ മാദ്ധ്യമപ്രവർത്തകരോട് ഒവൈസി പ്രതികരിച്ചു. 'പ്രധാനമന്ത്രി (നരേന്ദ്ര മോദി) ഈ രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെ ശ്രദ്ധിക്കാത്തതിൽ ഞങ്ങൾക്ക് നീരസമുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിലെ ആളുകളുടെ രോഷം സോഷ്യൽ മീഡിയയിൽ വന്നപ്പോൾ നടപടി സ്വീകരിച്ചു,' ഒവൈസി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ച് പത്ത് ദിവസത്തിന് ശേഷമാണ് നേതാക്കൾക്കെതിരെ ബി ജെ പി നടപടി സ്വീകരിച്ചത്. നേതാക്കൾ ഉപയോഗിച്ച ഭാഷ തെറ്റാണെന്ന് കരുതുന്നുവെങ്കിൽ, അവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എഐഎംഐഎം മേധാവി കൂട്ടിച്ചേർത്തു. രണ്ട് നേതാക്കളെയും ആറോ എട്ടോ മാസങ്ങൾക്ക് ശേഷം തിരിച്ച് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകി പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.