
ന്യൂഡൽഹി : ആന്ധ്രാപ്രദേശിലെ അമരാവതി മുതൽ മഹാരാഷ്ട്രയിലെ അകോല വരെയുള്ള 75 കിലോമീറ്റർ ദേശീയപാത അഞ്ച് ദിവസത്തിനുള്ളിൽ നിർമ്മിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ഗിന്നസ് വേൾഡ് റെക്കാർഡ് സ്ഥാപിച്ചു. ഗൾഫ് രാജ്യമായ ഖത്തറിന്റെ പേരിലുള്ള റെക്കാഡാണ് ഇന്ത്യ സ്വന്തം പേരിൽ എഴുതി ചേർത്തത്. 2019 ഫെബ്രുവരി 27ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കിയ റോഡിന്റെ പേരിലുള്ള റെക്കാഡാണ് ഇതോടെ പഴങ്കഥയായത്. 2019 ഫെബ്രുവരി 27നായിരുന്നു അൽഖോർ എക്സ്പ്രസ് വേയുടെ ഭാഗമായ റോഡ് ഖത്തർ പണിതത്.
#ConnectingIndia with Prosperity!
— Nitin Gadkari (@nitin_gadkari) June 7, 2022
Celebrating the rich legacy of our nation with #AzadiKaAmrutMahotsav, under the leadership of Prime Minister Shri @narendramodi Ji @NHAI_Official successfully completed a Guinness World Record (@GWR)... pic.twitter.com/DFGGzfp7Pk
ഇന്ത്യയുടെ റെക്കാഡ് നേട്ടത്തെ കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരികഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഈ മാസം മൂന്നാം തീയതി രാവിലെ 7.27 ന് ആരംഭിച്ച് ജൂൺ 7 ന് വൈകുന്നേരം 5:00 നാണ് 75 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. റോഡ് നിർമ്മാണ പ്രവർത്തിയിൽ 720 തൊഴിലാളികൾ ഉൾപ്പെട്ടു. 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റെക്കാഡ് സമയത്തിലാണ് പണി പൂർത്തിയാക്കിയതെന്നും ഗഡ്കരി പറഞ്ഞു. 108 മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്.
അമരാവതി മുതൽ അകോള വരെയുള്ള ഈ ഭാഗം ദേശീയ പാത 53 ന്റെ ഭാഗമാണ്. രാജ്യത്തിന്റെ കിഴക്ക്പടിഞ്ഞാറ് ഇടനാഴിയാണ് ദേശീയ പാത 53. രാജ്യത്തിന്റെ ധാതു സമ്പന്നമായ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന പാത കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.