
പാലക്കാട്: തന്റെ ഫ്ലാറ്റിൽ നിന്നും പട്ടാപ്പകൽ സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും പൊലീസാണെന്ന പേരിൽ ഒരു സംഘം ആളുകളെത്തിയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ആർക്കും യൂണിഫോമോ ഐഡി കാർഡോ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീ സത്യം പറഞ്ഞാൽ എന്തും സംഭവിക്കാമെന്ന അവസ്ഥയാണെന്നും സ്വപ്ന പറഞ്ഞു.
ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. രാവിലെ മാദ്ധ്യമങ്ങളെ കണ്ട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടു പോയതെന്നും താനും കുടുംബവും അപകടത്തിലാണെന്നും സ്വപ്ന പറഞ്ഞത്.
രാവിലെ 10 മണിയോടെ വീട്ടിൽ വച്ച് സ്വപ്ന മാദ്ധ്യമങ്ങളെ കണ്ടത്. കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം പതിനഞ്ച് മിനിട്ടിനുള്ളിൽ സരിത്തിനെ ഒരു സംഘം ആളുകളെത്തി ഇവിടെ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു.
വെള്ള സ്വിഫ്ട് കാറിലാണ് സംഘം എത്തിയത്. ഫോൺ പോലും എടുക്കാനുള്ള സാവകാശം നൽകിയില്ലെന്നും സത്യം പറഞ്ഞതിന്റെ പേരിൽ തന്റെ ജീവൻ തന്നെ അപകടത്തിലാണെന്നും സ്വപ്ന പറഞ്ഞു. അതേസമയം, വന്നവരെ കുറിച്ച് കുടുതൽ വിവരങ്ങൾ അറിയില്ലെന്ന് സുരക്ഷാജീവനക്കാർ അറിയിച്ചു.