swapna

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറിൽ കൊണ്ടു പോയത് വിജിലൻസ് ആണെന്ന് സൂചന. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സ്വപ്നയുടെ ഫ്ലാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തത്. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനായിട്ടാണ് കൊണ്ടുപോയതെന്നാണ് വിവരം.

വിജിലൻസ് ആണെങ്കിൽ കൂടിയും എന്തുകൊണ്ട് നോട്ടീസ് നൽകിയില്ലയെന്നാണ് സ്വപ്ന‌ ചോദിക്കുന്നത്. അതേസമയം, നോട്ടീസ് നൽകിയ ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലൻസ് നൽകുന്ന സൂചന. എന്നാൽ ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നും ലൈഫ് മിഷൻ കേസാണെങ്കിൽ വിജിലൻസ് ആദ്യം കൊണ്ടു പോകേണ്ടത് ശിവശങ്കറിനെയാണെന്നും സ്വപ്‌ന വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് തന്റെ ഫ്ലാറ്റിൽ നിന്നും സരിത്തിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാർഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും അവർ പറഞ്ഞിരുന്നു.

സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.