kseb-

വൈദ്യുത ഉപയോഗത്തിന് ദ്വൈമാസം വരാറുള്ള ബില്ലിന് പുറമേ അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കുന്നുണ്ട്. എന്നാൽ എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് എന്ന് അറിയാത്തവരാണ് കൂടുതലും. എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതിനാലാണ് ഇത്തരത്തിൽ തുക പിരിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും സംശയം ഉയരുന്നതോടെ അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് എന്താണെന്ന് വ്യക്തമാക്കുകയാണ് കെ എസ് ഇ ബി അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)?

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്.

ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.

ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.

രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.

ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.

ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..

സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.