
കോടികൾ ചെലവാക്കി നിർമ്മിച്ച പാലം ബലക്ഷയത്താലും നിർമ്മാണ അപാകതകളാലും തകർന്ന സംഭവങ്ങൾ വിവിധ ഇടങ്ങളിൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഉദ്ഘാടനം നടത്തിയപ്പോൾ തകർന്നാലോ! മെക്സിക്കൻ നഗരമായ ക്യൂർനവാക്കയിലാണ് ഉദ്ഘാടനത്തിന് പിന്നാലെ പാലം തകർന്ന് വീണത്. നഗരത്തിലെ മേയറാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മേയർ യൂറിയോസ്റ്റഗുയിയും സംഘവും, നാട്ടുകാരും പാലത്തിലൂടെ നടന്ന് നീങ്ങവേയാണ് നടപ്പാലം തകർന്ന് താഴേക്ക് പതിച്ചത്. ഇന്നലെയുണ്ടായ ഈ സംഭവത്തിൻെറ വീഡിയോ വൈറലാണ്. മൊറേലോസ് സംസ്ഥാനത്താണ് ക്യൂർനവാക്ക.
#Cuernavaca Mayor and other officials during the reopening of a pedestrian bridge. #México pic.twitter.com/wcNe48vhCA
— David Wolf (@DavidWolf777) June 7, 2022
പ്രകൃതിരമണീയമായ സ്ഥലത്ത് അരുവിക്ക് മുകളിലായിട്ടാണ് നടപ്പാലം ഒരുക്കിയത്. മരപ്പലകകൾ കൊണ്ട് നിർമ്മിച്ച തൂക്കുപാലത്തിന്റെ ഇരുമ്പ് വടങ്ങൾ അടുത്തിടെയാണ് പുതുക്കി നിർമ്മിച്ചത്. പാലം പുന:നിർമ്മാണം നടത്തിയതിന്റെ ഉദ്ഘാടനത്തിനായിട്ടാണ് മേയർ എത്തിയത്. പാലം തകർന്ന് മേയറും ഇരുപത്തിയഞ്ചോളം ആളുകളും പത്തടി താഴ്ചയിലേക്കാണ് പതിച്ചത്. അരുവിയിലെ പാറയിൽ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. മേയറുടെ ഭാര്യയും ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തകരും പാലം തകർന്ന് താഴെ വീണു. പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ പുറത്തെടുത്ത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മേയറും ഇവിടെ ചികിത്സ തേടിയെത്തി.