
ബിരിയാണി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കൻ, മട്ടൺ, ബീഫ്, ഫിഷ് ഒക്കെയായി പലതരം ബിരിയാണികളുണ്ട്. പക്ഷേ, തലശേരി ദം ബിരിയാണിയെ വെല്ലാൻ ഇന്നും മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. നല്ല അടികട്ടിയുള്ള ചെമ്പ് പാത്രത്തിൽ ചെറുതീയിൽ വേവിച്ചെടുക്കുന്ന ഇറച്ചിയാണ് തലശ്ശേരി ദം ബിരിയാണിയുടെ വലിയ പ്രത്യേകത.
സംഗതി എന്തൊക്കെ പരീക്ഷണങ്ങൾ വന്നാലും ബിരിയാണി ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതുകൂട്ട് ബിരിയാണിയും രുചികരമാക്കാവുന്നതേയുള്ളൂ. ചുവട് കട്ടിയുള്ള പാത്രം എടുക്കുന്നത് മുതൽ എസൻസ് ചേർക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തിയാൽ അടിപൊളി രുചിയും മണവുമുള്ള ബിരിയാണി ആർക്കും ഉണ്ടാക്കാം.
ഇപ്പോൾ കുക്കറിലാണ് കൂടുതൽ പേരും ബിരിയാണി ഉണ്ടാക്കുന്നതെങ്കിലും ചെമ്പ് പാത്രമാണ് ബിരിയാണി ഉണ്ടാക്കാൻ ഏറ്റവും മികച്ചത്. ബിരിയാണിയുണ്ടാക്കുന്ന പാത്രത്തിൽ നെയ്യ് നന്നായി തേച്ച് പിടിപ്പിക്കണം. ഇത് ബിരിയാണിയുടെ രുചി കൂട്ടും. ബിരിയാണി അരി തിളപ്പിക്കാനുപയോഗിക്കുന്ന കലവും വലുതായിരിക്കണം.
ചെറിയ കലമായാൽ ചോറ് കുഴഞ്ഞുപോകാനും ഒട്ടിപ്പിടിക്കാനും സാദ്ധ്യതയുണ്ട്. അരി തിളപ്പിക്കുന്ന വെള്ളത്തിൽ കറുവാപ്പട്ട, ഗ്രാംപു, ജാതിപത്രി, പെരുംജീരകം, ഏലയ്‌ക്ക എന്നിവയ്‌ക്കൊപ്പം ഒരു നാരങ്ങയും പിഴിഞ്ഞ് ചേർക്കണം.
പൈനാപ്പിൾ എസൻസ് ചേർക്കുന്നതിന് പകരം ഫ്രെഷ് പൈനാപ്പിൾ അരിഞ്ഞത് ചേർത്ത് വലിയ മൂടി വച്ച് ബിരിയാണി ചെമ്പ് അടച്ചു വയ്‌ക്കുക. ഗ്യാസ് അടുപ്പിന് പകരം വിറകടുപ്പിൽ ചെറിയ തീയിൽ പാചകം ചെയ്തെടുക്കാനും ശ്രദ്ധിക്കണം. ബിരിയാണിയുടെ ഗുണവും രുചിയും കൂടുമെന്നതിൽ തർക്കമില്ല.