
ആർക്കറിയാം"എന്ന ചിത്രത്തിൽ വാർദ്ധക്യത്തിലെത്തിയ, ഇട്ടിയവിരയുടെ ചലനങ്ങളും സംഭാഷണത്തിലെ മോഡുലേഷനുമെല്ലാം കൃത്യമായിഅവതരിപ്പിച്ച് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ബിജു മേനോൻ കേരളകൗമുദിയോട് വിശേഷങ്ങൾ പങ്കുവച്ചു.പ്രസക്തഭാഗങ്ങളിൽ നിന്ന്:-
ബിജു മേനോൻ എന്ന നടന്റെ അഭിനയ ജീവിതം150 ചിത്രങ്ങൾ പിന്നിട്ടു. എന്ത് പറയുന്നു?
ജന്മനാ കലാകാരനായ ഒരാളല്ലാത്തതുകൊണ്ട് ഓരോന്നായി ആർജിച്ചെടുക്കുകയാണ്. സിനിമയിൽ എത്തിയ ശേഷമാണ് പല കാര്യങ്ങളും പഠിച്ചതും അത് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും. അതുകൊണ്ട് തന്നെ അഭിനയത്തിലെ എന്റെ പരിമിതികളെ അതിജീവിക്കാൻ ഓരോ സിനിമയിൽ നിന്നും ഞാൻ ഓരോരോ പാഠങ്ങൾ പഠിക്കുകയായിരുന്നു എന്നു പറയാം. ഒന്നിൽ നിന്നും അടുത്തതിലേക്ക് എത്തുമ്പോൾ, അത് കുറച്ച് കൂടി നന്നാക്കാൻ, എന്റേതായ കുറച്ച് പരീക്ഷണങ്ങളും ഞാൻ നടത്തിയിട്ടുമുണ്ട്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർക്കൊപ്പവുംദിലീപ്,പൃഥ്വിരാജ്,ആസിഫ് അലി തുടങ്ങിയ ജനറേഷനൊപ്പവും അഭിനയിച്ചു? 
ഞാൻ സിനിമയിൽ കാണുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത വ്യക്തികളോടൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും ബഹുമാനം കലർന്ന ഒരു ഒരു ഭയമാണ് തോന്നിയിരുന്നത്. അതുകൊണ്ട് തന്നെ ഡയലോഗിൽ ഒക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നു. സ്വയം ഒന്നൊതുങ്ങിയാണ് അന്നൊക്കെ ഓരോന്നും ചെയ്തത്. അത് അഭിനയത്തിലും പ്രകടമായിട്ടുണ്ടായിരിക്കാം.ഇന്നിപ്പോൾ നമ്മൾ ഒരു കംഫർട്ട് സോണിൽ ആണ്. മാറ്റങ്ങൾ വരുത്താൻ ടെക്നോളജി വളരെയധികം സഹായിക്കുന്നുണ്ട്. അത് അഭിനയത്തിലും പ്രകടമാക്കാൻ കഴിയുന്നു .സിനിമയെ സംബന്ധിച്ച് എല്ലാം ഒരു ടീം വർക്ക് ആണ്. അതുകൊണ്ട് തന്നെ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്. കഥയോടുള്ള ഇഷ്ടം കൊണ്ടോ, അല്ലെങ്കിൽ സംവിധായകനിലുള്ള വിശ്വാസം കൊണ്ടോ ആണ് സിനിമകൾ ചെയ്യുന്നത് . അതുകൊണ്ട് ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഇനിയും ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. 
മികച്ച നടനുള്ളഅവാർഡ് പ്രതീക്ഷിച്ചോ?
ഇത്തവണത്തെ സംസ്ഥാന അവാർഡ് ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് നല്ല സിനിമകൾമത്സരത്തിനുണ്ടായിരുന്നു. ജൂറിക്ക് ഏറ്റവും ബെറ്റർ എന്ന് തോന്നുന്നതിനാണല്ലോ അവാർഡ് നൽകുക. ആ സാഹചര്യത്തിൽ അവാർഡ് ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി .നമ്മുടെ നാട്ടിൽ ഒരുപാട് ടാലന്റുള്ളആർട്ടിസ്റ്റുകളുണ്ട്. അതുകൊണ്ട് തന്നെ അവസാന റൗണ്ട് വരെയെത്തി അവാർഡ് ലഭിക്കാതെ പോയ ചിത്രങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഒപ്പം മത്സരിക്കുന്ന എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. അതിനാൽ മുമ്പ് കിട്ടാതെ പോയതിലൊന്നും സങ്കടമില്ല.
സാനു ജോൺവർഗീസിന്റെ  'ആർക്കറിയാം" എന്ന ചിത്രത്തിലെ വിശ്വാസിയായ' ഇട്ടിയവിര"എന്ന  അറുപതുകാരനിലേക്ക് എങ്ങനെ വന്നു?
സാനു കഥപറയാനായി അടുത്ത് വന്നപ്പോൾ ഷറഫുദ്ദീൻ ചെയ്തവേഷമാണ് മനസ്സിൽ വന്നത്. 'ഇട്ടിയവിര"യുടെ വേഷം ചെയ്യാൻ എനിക്ക് അൽപ്പം ഭയം ഉണ്ടായിരുന്നു. മേക്കപ്പ് ചെയ്തപ്പോൾ എന്റെ അച്ഛന്റെ ഒരു രൂപം പോലെ തോന്നി. അത് ഒരു കോൺഫിഡൻസ് തന്നു. ചക്ക വെട്ടുമ്പോഴും ബീഫ് മുറിക്കുമ്പോഴും ഒക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ആ ടീമിലെ ഓരോരുത്തരും സഹായിച്ചു. ഒരു കൂട്ടായ്മയുടെ വിജയമാണ് ആർക്കറിയാം.ഇതുപോലെയുള്ള വേഷങ്ങൾ വല്ലപ്പോഴുമാണ് കിട്ടുന്നത്. എന്നാൽ എല്ലാ വർഷവും ബിജു മേനോൻ എന്ന നടനെ തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള ഒന്നോരണ്ടോ സിനിമകൾ ചെയ്യാറുണ്ട്. അതിനുവേണ്ടി ശ്രമിക്കാറുമുണ്ട്. ഒരു സാധാരണ ചിത്രത്തിലെ അറുപതുകാരൻ എന്നതിനേക്കാളുപരി 'ആർക്കറിയാമിലെ ഇട്ടിയവിര"കഥയോട് നീതി പുലർത്തി ചെയ്യേണ്ട വേഷമാണെന്ന് കഥ കേട്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു .
അയ്യപ്പനും കോശിയും എന്ന സിനിമയിൽ സച്ചി നല്ല കഥാപാത്രത്തെ നൽകിയല്ലോ?
'അയ്യപ്പനും കോശിയും" എന്ന സിനിമയിൽ 'ഏത് വേഷമാണ് ചെയ്യുക" എന്നാണ് സച്ചി എന്നോട് ചോദിച്ചത്. അപ്പോൾ 'നിനക്ക് ഇഷ്ടമുള്ള വേഷം എനിക്ക് തന്നാ മതിയെന്നാണ്"ഞാൻ സച്ചിയോട് പറഞ്ഞത്. അങ്ങനെ അയ്യപ്പൻ നായർ ആയി . ആ ക്യാരക്ടർ അത്രയും പവറുള്ളതാക്കിയത് സച്ചിയാണ്. അതുകൊണ്ട് തന്നെ സച്ചിയ്ക്കാണ് ആ സിനിമയുടെ മുഴുവൻ ക്രെഡിറ്റും. 
ഹാസ്യം,സീരിയസ്,ഗുണ്ട,രാഷ്ട്രീയം തുടങ്ങി പല വേഷങ്ങളിലും തിളങ്ങി.ബിജു മേനോൻ എന്ന വ്യക്തിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമേതാണ്?
എല്ലാം ഒരേപോലെ ഇഷ്ടമാണ്. 'മേരിക്കുണ്ടൊരുകുഞ്ഞാട്' എന്ന സിനിമയ്ക്ക് മുമ്പുവരെ സീരിയസ് കഥാപാത്രങ്ങളാണ് ചെയ്തത്. അന്നൊക്കെ എനിക്കൊരു ഹ്യൂമർ സൈഡ് ഉണ്ടെന്ന് അറിയാവുന്നത് അടുപ്പമുള്ള ചിലർക്ക് മാത്രമായിരുന്നു. ഒരു കംഫർട്ട് സോണിൽ നിന്ന് അഭിനയിക്കുമ്പോൾ കിട്ടുന്ന ഒരു സുഖത്തിന്റെ റിസൾട്ട് അഭിനയത്തിലും പ്രതിഫലിക്കും. 
പാടുന്നുണ്ടല്ലോ?
സിനിമയിൽ പാടുക എന്നത് ഒരിക്കലും പ്രതീക്ഷിച്ചതോ, ആഗ്രഹിച്ചതോ ആയ കാര്യമല്ല. ഞാൻ തന്നെ പലരോടും ചോദിച്ചിട്ടുണ്ട് എന്തിനാണ് എന്നെക്കൊണ്ട് പാടിപ്പിക്കുന്നതെന്ന് . അതിന് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുമ്പോൾ പാടിയിട്ടുമുണ്ട്.
സംയുക്ത വർമ്മ ഈയിടെ ഒരു പരസ്യത്തിൽ അഭിനയിച്ചു.സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?
ഒരു പരസ്യം വന്നപ്പോൾ ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് സംയുക്ത അത് ചെയ്തത്. അന്നും ഇന്നും സിനിമ ചെയ്യില്ല എന്ന ചിന്തകൾ ഉണ്ടായിട്ടില്ല. പറ്റിയ വേഷങ്ങൾ വരാത്തത് കൊണ്ട് ചെയ്തില്ല എന്നു പറയാം. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകൾ കേൾക്കുന്നുണ്ട്. സത്യത്തിൽ ഇനി സിനിമകൾ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന ഞങ്ങൾക്കിടയിൽ നടന്നിട്ടില്ല. ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല. രണ്ടുപേരും സിനിമയിലാകുമ്പോൾ മകൻ ദക്ഷിന് മിസ്് ചെയ്യുന്ന കുറെ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയതിനാലാണ് സിനിമയിൽ നിന്നും സംയുക്ത മാറി നിൽക്കുന്നത്.
മകൻ ദക്ഷ് എന്നാണ് സിനിമയിലേക്ക്?
അവൻ ഇപ്പോൾ പ്ലസ്ടുവിനു പഠിക്കുകയാണ്. എല്ലാ അച്ഛനമ്മമാരേപ്പോലെയും ദക്ഷിനെ ഞങ്ങൾ ഗൈഡ് ചെയ്യാറുണ്ട്. പഠനത്തിൽ ശ്രദ്ധിക്കണം എന്നു പറയുന്നതല്ലാതെ ഒന്നിനും ഞങ്ങൾ നിർബന്ധിക്കാറില്ല. ബാക്കി എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.
(ലേഖികയുടെ 
ഫോൺ: 9496690371)