
ഉജ്ജയിൻ : കേന്ദ്ര മന്ത്രിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള പാർലമെന്റ് അംഗവും ബിജെപി നേതാവുമായ അനിൽ ഫിറോസിയ. തന്റെ ഭാരം കുറച്ചാൽ തന്റെ മണ്ഡലത്തിലെ വികസനത്തിന് പണം അനുവദിക്കാമെന്ന ഗഡ്കരിയുടെ ഓഫറാണ് എം പി ഏറ്റുപിടിച്ചത്. തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായ അദ്ദേഹം ഇപ്പോൾ പതിനഞ്ച് കിലോ കുറച്ചതിന് ശേഷമാണ് ഗഡ്കരിയോട് തുക ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 24 ന് ഉജ്ജയിനിൽ എത്തിയ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അനിൽ ഫിറോസിയയോട് നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും ഉജ്ജയിനിന്റെ വികസനത്തിന് 1000 കോടി രൂപ വച്ച് നൽകാമെന്ന ഓഫർ മുന്നോട്ട് വച്ചത്. 'എനിക്ക് താങ്കളേക്കാൾ ഭാരമുണ്ട്. 135 കിലോ ആയിരുന്നു. ഇപ്പോൾ അത് 93 ആയി. അതിനാൽ ഉജ്ജയിനിന്റെ വികസനത്തിന് നഷ്ടപ്പെട്ട കിലോയ്ക്ക് 1000 കോടി രൂപ ഞാൻ നൽകും എന്നായിരുന്നു ഓഫർ. പതിനയ്യായിരം കോടി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ട എം പി താനാണ് ലോകത്തിലെ ഏറ്റവും വിലയേറിയ എംപിയെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതിൻ ഗഡ്കരിയും തന്നോട് എന്ത് ആവശ്യപ്പെട്ടാലും അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.