
കൊച്ചി: ജൂൺ 10ന് ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021നുള്ള കേരളത്തിന്റെ കളരിപ്പയറ്റ് ടീമിൽ 84 പേർ മാറ്റുരക്കുന്നു. നാഷണൽ യൂത്ത് ഗെയിംസിൽ മത്സരിക്കാൻ ആദ്യമായി അവസരം കൈവന്നതിന്റെ ആഹ്ളാദത്തിലാണ് സംസ്ഥാനത്തെ കളരിപ്പയറ്റ് വിദ്യാർത്ഥികൾ.
മെയ്‌പ്പയറ്റ്, ചുവടുകൾ, ഉറുമി വീശൽ, നെടുവടിപ്പയറ്റ്, ചവുട്ടിപൊങ്ങൽ, വാളും പരിചയും എന്നീ ഇനങ്ങളിലാണ് മത്സരം. നേമം അഗസ്ത്യം കളരിയിൽ നിന്ന് രാഗ ശങ്കർ, ഗോപിക മോഹൻ, ആദർശ് എന്നിവരാണ് മത്സരിക്കുന്നത്. മഹേഷ് ഗുരുക്കളുടെ ശിക്ഷണത്തിലാണ് വർഷങ്ങളായി ഇവർ കളരി അഭ്യസിക്കുന്നത്.
ഇക്കൊല്ലം മുതലാണ് യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഇടം നേടിയത്. ജൂൺ 10,11,12 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. മൂവായിരം വർഷം പഴക്കമുള്ളതെന്ന് കരുതുന്ന ആയോധനകലയായ കളരിപ്പയറ്റിന്റെ ഉത്ഭവസ്ഥലം കൂടിയാണ് കേരളം.
ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽ 5 മുതൽ 10 ദിവസം വരെ നീളുന്ന ക്യാമ്പുകൾ കേരളം സംഘടിപ്പിച്ചിരുന്നു. അത്‌ലറ്റിക്സ്, വോളിബോൾ, ഫുട്‌ബോൾ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യാത്രച്ചെലവും താമസ സൗകര്യവും ഭക്ഷണവും സ്പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ ഒരുക്കും.