
കൊച്ചി: അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ തുടർനടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര പ്രവർത്തകയായ അയിഷ സുൽത്താനക്കെതിരെയുള്ള തുടർനടപടികൾ സ്റ്റേ ചെയ്‌തുകൊണ്ട് ഹെെക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളുമാണ് കോടതി ഇപ്പോൾ സ്റ്റേ ചെയ്‌തിരിക്കുന്നത്.
ഒരു ചാനൽ ചർച്ചയ്ക്കിടെ 'ബയോ വെപ്പൺ' പരാമർശം നടത്തിയ അയിഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 'സേവ് ലക്ഷദ്വീപ്' സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെയാണ് അയിഷ വിവാദ പരാമർശം നടത്തിയത്.
പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു അയിഷ പറഞ്ഞത്. വിവാദമായതിന് പിന്നാലെ ഇവർ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.