
വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്‌തിട്ടുള്ളൂവെങ്കിലും നടി നിത്യാദാസിനെ പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടമാണ്. സിനിമയിൽ നിന്നും അകലം പാലിക്കുമ്പോഴും സോഷ്യൽ മീഡിയിയൽ വളരെ ആക്ടീവാണ് താരം.
നിത്യയും മൂത്തമകൾ നൈനയും ഒന്നിച്ചുള്ള ഡാൻസ് റീലുകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരേ പോലെത്തെ ഡ്രസുകൾ ധരിച്ച് വീണ്ടും നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. നൈനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും അമ്മയും ഞാനും എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
നീല ഡെനിമിനൊപ്പം ബ്ലാക്ക് ഷോർട്ട് ടോപ്പാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം പറഞ്ഞിരിക്കുന്നത് സഹോദരിമാരെ പോലെ തോന്നുന്നുവെന്നാണ്. ചേച്ചിയെയും അനിയത്തിയെയും പോലെ തോന്നുന്നുവെന്നും മകളേക്കാൾ സ്മാർട്ട് അമ്മയാണെന്നും ചിലർ കമന്റുകളിട്ടിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള പല ഡാൻസ് വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.
ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നിത്യാദാസ് സിനിമയിലെത്തുന്നത്. ബാലേട്ടൻ, കുഞ്ഞിക്കൂനൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, കൺമണി തുടങ്ങിയ വളരെ കുറച്ച് ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2007ൽ വിവാഹം കഴിഞ്ഞതോടെയാണ് അഭിനയത്തിൽ നിന്നും പൂർണമായും പിൻവാങ്ങിയത്. അരവിന്ദ് സിംഗ് ജംവാൾ ആണ് നിത്യയുടെ ഭർത്താവ്. നൈനയെ കൂടാതെ നമൻ എന്നൊരു മകനും താരത്തിനുണ്ട്.