strike

ഇടുക്കി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ മറ്റെന്നാൾ ഇടുക്കിയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും എൽഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് ശിവരാമൻ വ്യക്തമാക്കി.

അതേസമയം, ഉത്തരവിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ജൂൺ 16ന് ഹർത്താൽ നടത്തുമെന്നാണ് യുഡിഎഫ് അറിയിച്ചത്. കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു.

സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർചുറ്റളവ് പരിസ്ഥിതിലോല മേഖലയായി (ഇ.എ.ഇസെഡ്) നിലനിറുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ഈ മേഖലയിൽ ഒരുതരത്തിലുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങളും നടത്താനാവില്ല.വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള വനാതിർത്തികളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്ക് സർക്കാർ സുപ്രീംകോടതിക്ക് നൽകേണ്ടി വരും. ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ടെങ്കിൽ വിമർശനം ഉയരാനും സാദ്ധ്യതയുണ്ട്. കോടതി വിധിയിൽ കുടിയേറ്റ കർഷകരും ആശങ്കയിലാണ്.

എന്നാൽ ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. 'ജനവാസമേഖലകളെ ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാട്. ദൂരപരിധി നിശ്ചയിച്ചാൽ പ്രശ്നമാകും. ഏറ്റവും കുറ‌ഞ്ഞത് നിലവിലുള്ളവർക്ക് തുടരാനുള്ള സാഹചര്യം ഉണ്ടാകണം. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും'- വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ ജനങ്ങളുടെ താത്പര്യം മുൻനിർത്തി സുപ്രീം കോടതിയെയും കേന്ദ്രസർക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.