
ബംഗളൂരു: ജമ്മുകാശ്മീർ സ്വദേശിയും ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ സ്വയംപ്രഖ്യാപിത കമാൻഡറുമായ താലിബ് ഹുസൈൻ ബംഗളൂരുവിലെ ഒകാലിപുരത്ത് പിടിയിൽ. കാശ്മീരിൽ ഹിന്ദുക്കളെ കൊലപ്പെടുത്തിയ നിരവധി കേസുകളിൽ പ്രതിയായ താലിബ് ദീർഘകാലമായി ഒളിവിൽ കഴിയുകയായിരുന്നു.
കാശ്മീർ പൊലീസിന്റെ പ്രത്യേക സംഘവും ബംഗളൂരു പൊലീസും സംയുക്തമായി ജൂൺ മൂന്നിന് നടത്തിയ ഓപ്പറേഷനിലാണ് താലിബിനെ പിടികൂടിയത്. കഴിഞ്ഞ എട്ടുമാസമായി കൂലിപ്പണിക്കാരനെന്ന വ്യാജേന കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഭാര്യയും മൂന്നുമക്കളുമുണ്ട്. കിഷ്ത്വാറിലെ രാഷ്ഗ്വാരി സ്വദേശിയായ താലിബ് 2016ലാണ് ഹിസ്ബുൾ ഭീകരസംഘടനയിൽ അംഗമായത്. യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങളിലും സജീവമായിരുന്നു.
സംഘാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞശേഷം ഒളിവിൽ കഴിയുകയായിരുന്നു. ബംഗളൂരുവിലുണ്ടെന്ന് വിവരം ലഭിച്ച കിഷ്ത്വാർ പൊലീസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ടു. താലിബിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
താലിബിന് വ്യാജപേരിലുള്ള ആധാർ കാർഡും മൊബൈൽ ഫോണും ഉണ്ടായിരുന്നു. ഇയാൾക്ക് ഏതെങ്കിലും അട്ടിമറി പദ്ധതികൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.