
കോഴിക്കോട്: ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്‌താവന അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സമസ്‌ത. അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നതനുസരിച്ച് രാജ്യം ലോകത്തോട് മാപ്പ് പറയണമെന്നും അങ്ങനെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സംഘടന പറയുന്നു.
ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്നവിധത്തിൽ പരമത വിദ്വേഷ പ്രചാരണവും പ്രവാചക നിന്ദയും ഉണ്ടാകുന്നു. ഇത് തടയാൻ നിയമനടപടിയെടുക്കണമെന്നുമാണ് സമസ്‌ത ആവശ്യപ്പെട്ടത്. നൂപുർ ശർമ്മയുടെ പ്രസ്‌താവന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്‌താവനകളുടെയും പ്രവർത്തനങ്ങളുടെയും തുടർച്ചയായി കാണണമെന്നും സമസ്‌ത പറയുന്നു.
കേന്ദ്ര സർക്കാർ പ്രവാചക നിന്ദയിൽ ലോകത്തോട് ഔദ്യോഗികമായി മാപ്പ് പറയണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പുവരുത്തണമെന്നും സമസ്‌ത ആവശ്യപ്പെട്ടു. ലോകരാജ്യങ്ങളിൽ അഭിമാനത്തിനും യശസിനും ഇന്ത്യയ്‌ക്കുണ്ടായ കുറവ് പരിഹരിക്കാൻ നടപടിയെടുക്കണമെന്നും സമസ്‌ത പ്രസ്‌താവനയിൽ പറയുന്നു.