pink-police

കൊച്ചി: ആലുവയിൽ ലഹരിവിൽപനക്കാരിയുടെ ആക്രമണത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. സീനിയർ വനിതാ പൊലീസ് ഓഫീസറായ പി എം നിഷയ്ക്കാണ് പരിക്കേറ്റത്. ലഹരി വിൽപനക്കാരിയായ കൊൽക്കത്ത സ്വദേശിനി സീമ എന്ന സ്ത്രീയുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചു വീണതിനെതുടർന്നാണ് നിഷയുടെ കൈക്കും കാലിനും പരിക്കേറ്റത്. സീമയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ശിശുഭവനിലെ കുട്ടികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് പിങ്ക് പൊലീസ് ഇവിടെ പരിശോധനയ്ക്കായി എത്തിയത്.

അന്വേഷണത്തിനിടെ സംശയം തോന്നി സീമയെ ചോദ്യം ചെയ്യുന്നതിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആലുവ ആശുപത്രി കവലയിൽ നിന്നും ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. നിഷയെ കൂടാതെ മറ്റൊരു പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ സ്നേഹലതയും ചേർന്നാണ് സീമയെ പിടികൂടാൻ ശ്രമിച്ചത്.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സീമയെ കൂടുതൽ പൊലീസെത്തി അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്ന് നൽകി ശിശുഭവനിലെ കുട്ടികളെ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കാൻ ശ്രമിക്കുന്നെന്ന പരാതി ഏറെക്കാലമായുണ്ട്.