covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കണക്ക് ഇന്നും രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2193 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-589, തിരുവനന്തപുരം-359 എന്നിങ്ങനെയാണ് ഏറ്റവുമധികം രോഗം റിപ്പോർട്ട് ചെയ്‌ത ജില്ലകൾ. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 5000 കടന്നിരുന്നു. 5233 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആക്‌ടീവ് കേസുകൾ ഇതോടെ 28,857 ആയി. ഏഴ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3345 പേർ രോഗമുക്തരായി. സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട.

ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. ധാരാളം പനി കേസുകൾ വരുന്നതിനാൽ കൊവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡിന്റേയും പകർച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.