shashi-taroor

ന്യൂഡൽഹി: ഹിന്ദു മതത്തിന് വേണ്ടി സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ശരിക്കും ഹിന്ദു മതത്തെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് എം പി ശശി തരൂർ. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഇസ്ലാമിക രാജ്യങ്ങൾ അതൃപ്തി അറിയിച്ചത് സംബന്ധിച്ചതുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കൂട്ടർ ഹിന്ദുത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ തന്നെ ഒറ്റിക്കൊടുക്കുകയാണ്. എല്ലാവരേയും സ്വീകരിക്കുകയും സഹിഷ്ണുതയെപറ്റി സംസാരിക്കുകയും ചെയ്യുന്ന മതമാണ് ഹിന്ദുമതം. ഹിന്ദുത്വവും ഇന്ത്യ എന്ന രാജ്യവുമെല്ലാം അവർ വിശ്വസിക്കുന്നതിനേക്കാൾ വലുതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം സമുദായത്തെ തെറ്റായി ചിത്രീകരിക്കുക എന്നത് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രമാണ്. പ്രശ്നങ്ങളെ വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്. നൂപുർ ശർമ നടത്തിയ വിദ്വേഷ പരാമർശം രാജ്യത്തെ നിയമങ്ങൾക്ക് എതിരാണ്. അവരും ആ പാർട്ടിയിലെ മറ്റ് പ്രവർത്തകരും സ്ഥിരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുണ്ട്.

നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വിദ്വേഷത്തിന്റെ തോത് കൂടുതലാണ്. ബി ജെ പി അല്ലാതെ മറ്റൊരു പാർട്ടിയും ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നില്ല. എന്നാൽ ഒരാളും അവരെ എതിർക്കുന്നില്ല. ഒരു അധികാരിയും അവർക്കെതിരെ നടപടി എടുക്കുന്നില്ല. അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ശശി തരൂർ ആരോപിച്ചു.

ധാരാളം സമയം ചെലവഴിച്ചാണ് നമ്മുടെ നേതാക്കൾ ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചത്. ഇന്ത്യയുടെ വ്യാപാരം, ഉർജ സുരക്ഷ, ഭൂമിശാസ്ത്രപരമായ സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മാത്രമല്ല ഇന്ത്യയിലെ ലക്ഷക്കണക്കിന് പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ആ ബന്ധം നിലനിറുത്തുന്നതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതാണ്. ഇത് ഇന്ത്യയ്ക്കൊരു വേക്ക് അപ്പ് കോളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശത്ത് ജോലി ചെയ്യുന്ന പൗരന്മാരെ മാത്രമല്ല നമ്മെ എല്ലാരെയും ബാധിക്കുന്ന കാര്യമാണിത്. ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്കിടയിൽ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.