pocso

മലപ്പുറം: പൂർവ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസുകളിൽ ജാമ്യം ലഭിച്ചതോടെ സിപിഎം മുൻ നേതാവും അദ്ധ്യാപകനുമായിരുന്ന കെ.വി ശശികുമാർ വൈകാതെ ജയിൽമുക്തനാകും. നാലോളം കേസുകളിൽ പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചതോടെയാണ് ശശികുമാറിന് ജയിൽമോചിതനാകാൻ വഴിയൊരുങ്ങുന്നത്. നേരത്തെ രണ്ട് പോക്‌സോ കേസുകളിൽ ഇയാൾക്ക് മഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നു.

മലപ്പുറത്തെ സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെയാണ് ഇയാൾ രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. ഇതിലാണ് പോക്‌സോ കേസെടുത്തത്. അദ്ധ്യാപകനായി വിരമിക്കുന്നതിന്റെ കുറിപ്പിന് താഴെ പൂർവ വിദ്യാർത്ഥികൾ മീടൂ ആരോപണം കമന്റായി ഉന്നയിച്ചു. ഇതോടെ ശശികുമാറിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ഒളിവിൽപോയ ഇയാളെ സുൽത്താൻ ബത്തേരിയ്‌ക്കടുത്തുള‌ള ഒരു ഹോംസ്‌റ്റേയിൽ നിന്നാണ് പിടികൂടിയത്.

മൂന്ന് തവണ കോഴിക്കോട് കോർപറേഷൻ കൗൺസിലറായിരുന്നു ശശികുമാർ. മുപ്പത് വർഷത്തോളം ഇയാൾ വിദ്യാർത്ഥികളെ പീഡ‌ിപ്പിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തുറന്നുപറയാനുള‌ള ഭയത്താൽ പലകുട്ടികളും സഹിക്കുകയായിരുന്നെന്നാണ് വിവരം. പീഡനാരോപണങ്ങൾ ഉയ‌ർന്നതിനെ തുടർന്ന് കെ.വി ശശികുമാറിനെ സിപിഎം മലപ്പുറം ജില്ലാകമ്മറ്റി പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.