vpn

ആഗോള തലത്തിലെ പ്രമുഖ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി പി എൻ) കമ്പനികളെല്ലാം തന്നെ ഇന്ത്യ വിടുന്നു. കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് കമ്പനികൾ സേവനം അവസാനിപ്പിക്കുന്നത്. വി പി എൻ സേവനദാതാക്കളിൽ പ്രമുഖരായ എക്സ്പ്രസ് വി പി എൻ. സർഫ് ഷാർക് വി പി എൻ എന്നിവർ ഇതിനോടകം തന്നെ സേവനം അവസാനിപ്പിച്ചു കഴിഞ്ഞു.

വി പി എൻ ഉപയോഗിച്ച് ഇന്റർനെറ്റിൽ സർഫ് ചെയ്യുമ്പോൾ നെറ്റ്‌വർക്കിലെ ട്രാക്കറുകൾക്ക് ഉപയോക്താവിന്റെ വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ആ വ്യക്തി എവിടെ നിന്നാണ് വെബ്‌സൈറ്റ് സന്ദർശിക്കുന്നത് ഇയാളുടെ ഐപി അഡ്രസ് ഏതാണ്, തുടങ്ങിയ വിവരങ്ങൾ ആ സൈറ്റിന് ട്രാക്ക് ചെയ്യാൻ കഴിയില്ല.

പല വൻകിട കമ്പനികളും കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം സമയത്ത് തങ്ങളുടെ ജീവനക്കാർക്ക് വി പി എൻ നൽകിയിരുന്നു. സൈബർ ആക്രമണം തടയാനും, നെറ്റ്‌വർക്കിന്റെ സുരക്ഷയ്ക്കുമാണ് ഇത്തരത്തിൽ വി പി എൻ നൽകിയിരുന്നത്.

എന്നാൽ വി പി എൻ പലരും ദുരുപയോഗം ചെയ്യുന്നതായി സർക്കാർ പറയുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നും സർക്കാർ ആശങ്കപ്പെടുന്നു. ഇതിനാലാണ് വി പി എന്നുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്.

പുതിയ നിയമപ്രകാരം രാജ്യത്തെ വി പി എൻ സേവന ദാതാക്കൾ ഉപഭോക്താവിന്റെ പേര്, ഐപി വിലാസം, വ്യക്തിപരമായ തിരിച്ചറിയൽ വിവരങ്ങൾ തുടങ്ങിയവ അഞ്ച് വർഷം വരെ സൂക്ഷിക്കണം. ഈ വിവരങ്ങൾ സർക്കാരിന് കൈമാറണമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം നിർദേശം നൽകിയിരുന്നു.

നിയമം ജുലായ് 27 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമം അനുസരിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് പല കമ്പനികളും അറിയിച്ചു. എന്നാൽ നിയമം പാലിക്കാൻ തയ്യാറാകാത്തവർ രാജ്യം വിടുന്നത് തന്നെയാണ് നല്ലതെന്ന് മന്ത്രാലയം നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇതോടെയാണ് കമ്പനികൾ ബിസിനസ് അവാസിനിപ്പിച്ച് രാജ്യം വിടാൻ തീരുമാനിച്ചത്.