
ലൈംഗികബന്ധത്തിൽ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. ശാരീരികബന്ധത്തിന് മനസിൽ താൽപര്യം നന്നായുളളപ്പോഴും കിടപ്പറയിൽ ശരീരം തയ്യാറാകാത്ത ഒരവസ്ഥയാണിത്. ലിംഗത്തിലേക്ക് മതിയായ രക്തഓട്ടം കുറയുമ്പോൾ പുരുഷന്മാർക്ക് സംഭവിക്കുന്നതാണിത്. ശാരീരികബന്ധത്തിലെ തുടർച്ച നഷ്‌ടപ്പെടാനും പുരുഷന്റെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കാനും സാധിക്കുന്ന വില്ലനാണ് ഉദ്ധാരണക്കുറവ്.
മാനസികമായ പ്രയാസങ്ങൾ, സമ്മർദ്ദം, പാരമ്പര്യമായുളള കുഴപ്പങ്ങൾ ഇവ ഇതിലേക്ക് നയിക്കാം. പ്രായവും ഒരു ഘടകമാണ്. പ്രായമേറും തോറും ചിലരിൽ ഉദ്ധാരണപ്രശ്‌നമുണ്ടാകാം. ജോൺ ഹോപ്‌കിൻസ് ബ്രാഡി യൂറോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനത്തിൽ പ്രമേഹരോഗികളായ പുരുഷന്മാരിൽ പ്രത്യേകിച്ച് ടൈപ്പ് ടു പ്രമേഹരോഗികളിൽ 35 മുതൽ 75 ശതമാനം വരെ ഉദ്ദാരണക്കുറവുണ്ടാകാം എന്ന് കാണുന്നുണ്ട്. പുരുഷ ഹോർമോണിലെ അളവിലെ കുറവാണ് ഇതിന് കാരണം.
ശരിയായ സമയത്ത് മടികൂടാതെ ചികിത്സയ്‌ക്ക് തയ്യാറാകുക എന്നതാണ് ഇതിന് പ്രധാന മാർഗം. ശരിയായ ചികിത്സ വഴി ഓപ്പറേഷൻ, മരുന്നുകൾ എന്നിവ ഉപയോഗിച്ച് രോഗപ്രശ്‌നങ്ങൾ ഇല്ലാതെയാക്കി പഴയ ഉഷാർ തിരികെ കൊണ്ടുവരാനാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.