
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചാ വിഷയം നൂപുർ ശർമയെന്ന മുൻ ബി ജെ പി നേതാവും അവർ ഒരു ചാനൽ ചർച്ചയിൽ നടത്തിയ പ്രസ്താവനയുമാണ്. ടി വി സ്ക്രീനിൽ നിന്ന് വാർത്ത ഇപ്പോൾ താലിബാനിലും ഒടുവിൽ യു എന്നിലും വരെ എത്തി നിൽക്കുന്നു. ഇന്ത്യ ഗൾഫ് രാജ്യങ്ങളുമായി വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ബന്ധം ഈ പ്രസ്താവനയിൽ ആടിയുലഞ്ഞു. വിവാദ പരാമർശത്തിന്റെ പശ്ച്ചാത്തലത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ അൽ ക്വ ഇദ രാജ്യത്ത് സ്ഫോടനം നടത്തുമെന്ന് വരെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബി ജെ പി നേതാവ് പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയിൽ നിന്നാണ് ഈ പ്രശ്നങ്ങളെല്ലാം ഉരുതിരിഞ്ഞുവന്നത്. ഒരു മത വിഭാഗത്തെ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുകയും അത് അവരുടെ മത വിശ്വാസത്തെ വൃണപ്പെടുത്തുകയും ചെയ്തത് ആഗോള തലത്തിൽ വരെ വലിയ ചർച്ചയ്ക്ക് വഴി വച്ചു. എന്താണ് നൂപുർ ശർമ്മ പറഞ്ഞത്? ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ മൗലിക അവകാശമായ ഇന്ത്യയിൽ ഒരാൾക്ക് ഒരു മതത്തെ വിമർശിക്കാൻ പാടില്ലേ? അഭിപ്രായ സ്വാതന്ത്യത്തിന് മതത്തിനുമേൽ എത്രത്തോളം അധികാരമുണ്ട്?

അഭിപ്രായ സ്വാതന്ത്ര്യം
ഇന്ത്യയിലെ ഓരോ പൗരനും പ്രധാനമായും ലഭിക്കുന്ന മൗലിക അവകാശങ്ങളിലൊന്നാണ് ആർട്ടിക്കിൾ 19 1 എയിൽ പ്രതിപാദിച്ചിരിക്കുന്ന അഭിപ്രായപ്രകടനത്തിനുള്ള അവകാശം അഥവാ അഭിപ്രായ സ്വാതന്ത്ര്യം. ഇത് പ്രകാരം ആവിഷ്കാരത്തിനും അഭിപ്രായത്തിനുമുള്ള ഏതൊരാളുടേയും സ്വാതന്ത്ര്യം മറ്റൊരാൾക്കും ചോദ്യം ചെയ്യാൻ അവകാശമില്ല. എന്നാൽ ഇതിന് ചില നിബന്ധനകളുമുണ്ട്. ഭരണഘടനിൽ തന്നെ അക്കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്. രാജ്യദ്രോഹം, വിദ്വേഷ പ്രസംഗം, അശ്ലീലം, കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയാണ് നിബന്ധനകളിൽ ഉൾപ്പെടും.
മതവികാരം വ്രണപ്പെടുത്തൽ
ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസങ്ങളെ സംസാരത്തിലൂടെയോ, വാക്കുകളിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലൂടെയോ അപമാനിക്കുന്നതിലൂടെ അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനോ അവരെ പ്രകോപിപ്പിക്കാനോ ശ്രമിക്കുന്നവർക്ക് ഐ പി സി 295 എ പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം.
മതങ്ങളെ അവഹേളിക്കാമോ?
അറിയാതെയോ അശ്രദ്ധമായോ മതത്തെ അവഹേളിക്കുന്നത് കുറ്റമായി കാണാനാകില്ലെന്നും അത്തരം കേസുകളിൽ ആ വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്നും സുപ്രീം കോടതി 1957 ൽ തന്നെ ഉത്തരവിട്ടിട്ടുണ്ട്.
ഒരു വിഭാഗം പൗരന്മാരുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ബോധപൂർവവും ദുരുദ്ദേശ്യത്തോടെയും നടത്തുന്ന അപമാനകരമായ പ്രവൃത്തികൾ ചെയ്യുന്നവരെ മാത്രമേ ഈ നിയമത്താൽ ശിക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം 2017ലും സുപ്രീം കോടതി ആവർത്തിച്ചു. മതവികാരം വ്രണപ്പെടുത്തുന്നവർക്ക് ശിക്ഷ വിധിക്കുന്ന ഐ പി സി 295 എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതാണ് നിയമത്തെ ഒരിക്കൽകൂടി വ്യക്തമായി വ്യാഖ്യാനിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.
മനപ്പൂർവമല്ലാതെ ഒരാൾ ഏതെങ്കിലുമൊരു മതവിഭാഗത്തെ ചൊടിപ്പിക്കുന്ന തരത്തിൽ മതനിന്ദ നടത്തിയാൽ ആ വ്യക്തിക്ക് ഈ വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാനാകില്ലെന്ന് 2017ൽ ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാൻവിൽക്കർ, എം എം ശാന്തനഗൗഡർ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ എം എസ് ധോണിയ്ക്കെതിരായ കേസിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. 2013ൽ ഒരു ബിസിനസ് മാഗസിന്റെ കവറിൽ ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ചിലരുടെ മതവികാരം വൃണപെടുകയും ധോണിയ്ക്ക് ഐ പി സി 295 എ പ്രകാരം ക്രമിനൽ നടപടി നേരിടേണ്ടി വരികയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ധോണി നൽകിയ ഹർജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
2000 ത്തിലെ ഐ ടി ആക്ട് സെക്ഷൻ 66 എ പ്രകാരം കംപ്യൂട്ടറോ, ഇന്റർനെറ്റോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തിയ്ക്ക് ഭീഷണി മുഴക്കുന്നതോ, അത്തരത്തിലുള്ള ഗുരുതര സ്വഭാവത്തിലുള്ള സന്ദേശങ്ങളോ വിവരങ്ങളോ അയക്കുന്നത് കുറ്റകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഈ നിയമം ലംഘിക്കുന്നുവെന്ന ആരോപണം വന്നപ്പോൾ 2015ൽ ഈ നിയമം സുപ്രീം കോടതി മരവിപ്പിച്ചു (ശ്രേയ സിംഗാൾ കേസ്). അന്നും കോടതി 295 എ നിയമത്തിന്റെ പരിധി എന്താണെന്ന് ആവർത്തിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള മനപ്പൂർവമായ പ്രവർത്തികൾക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.
മതങ്ങളെ വിമർശിക്കാമോ?
ഇന്ത്യയിൽ, ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തെ വിമർശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന് കീഴിൽ അനുവദനീയമാണെന്ന് 2010 ജനുവരിയിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ വിമർശനം സത്യസന്ധമോ അക്കാദിമകമോ ആയിരിക്കണമെന്ന നിബന്ധനയും വച്ചു. 2007ൽ പുറത്തുവന്ന 'ഇസ്ലാം - എ കൺസെപ്റ്റ് ഒഫ് പൊളിറ്റിക്കൽ ഇൻവെഷൻസ് ബൈ മുസ്ലിംസ്' എന്ന പുസ്തകത്തെ മഹാരാഷ്ട്ര സർക്കാർ നിരോധിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ പ്രഖ്യാപനം. എന്നാൽ പുസ്തകം മുസ്ലീങ്ങളെ രോഷം കൊള്ളിക്കുന്ന തരത്തിൽ ദുരുദ്വേശത്തോടെ നടത്തിയ പരാമർശങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്ന് കോടതിയ്ക്കും ബോദ്ധ്യപ്പെട്ടതിനാൽ മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തിയെ ശരിവച്ചുകൊണ്ട് അത് നിരോധിക്കാൻ തന്നെ കോടതിയും ഉത്തരവിട്ടു.
അതായത് സത്യസന്ധമോ അക്കാദിമകമോ ആയി മതങ്ങളെ വിമർശിക്കാം. എന്നാൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ മനപ്പൂർവമായി അത്തരം പരാമർശങ്ങൾ നടത്തുന്നത് കുറ്റം തന്നെയാണ്.
നൂപുർ ശർമ പറഞ്ഞതെ തെറ്റോ ശരിയോ?
നൂപുർ ശർമ നടത്തിയ പരാമർശം തെറ്റോ, അല്ലെങ്കിൽ അത് ഐപിസി 295 എ യ്ക്ക് കീഴിൽ വരുമോ, തുടങ്ങിയ കാര്യങ്ങളിൽ അന്തിമമായ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. കോടതിയുടെ വിധി വരുന്നത് വരെ അവർ പറഞ്ഞത് തെറ്റോ ശരിയോ എന്ന് പറയാൻ നമുക്കാവില്ല.