
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്. രണ്ട് മാസം മുമ്പ് പി സി ജോർജുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിലുള്ളത്.
മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലാണ് സ്വപ്നയെയും പി സി ജോർജിനെയും പ്രതികളാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂർണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല.എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. കൂടാതെ സോളാർ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും.
അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. വിവിധ കളക്ട്രേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. ബിരിയാണി ചലഞ്ചടക്കം സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.