suicide-attempt

അടിമാലി: കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യാൻ പാറമുകളിൽ കയറി യുവതി. തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടിൽ കയറിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

ഇരുപത്തിയാറുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താൻ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കാമുകൻ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകർന്ന യുവതി ഇന്നലെ പുലർച്ചെ വീടുവിട്ടിറങ്ങി. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിൽ എത്തി.

മഴയായതിനാൽ പാറക്കെട്ടിൽ വഴുക്കലുണ്ടായിരുന്നു. യുവതി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അടിമാലി എസ് ഐ കെ എം സന്തോഷ്‌കുമാറും സംഘവും സ്ഥലത്തെത്തി. പൊലീസ് താഴോട്ടിറങ്ങാൻ പറഞ്ഞപ്പോൾ, താൻ ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന് യുവതി ഉറക്കെ വിളിച്ചുപറഞ്ഞു.

ഒരുമണിക്കൂറോളം പൊലീസ് യുവതിയോട് സംസാരിച്ചു. ഒടുവിൽ എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഇരുപത്തിയാറുകാരി താഴോട്ടിറങ്ങിയത്. യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. കാമുകനായിരുന്ന യുവാവിനോടും ബന്ധുക്കളോടും അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.