kamal-surya

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വിക്രം' മികച്ച വിജയം നേടിയതിന് പിന്നാലെ കൂടെയുള്ളവരെ സമ്മാനങ്ങൾ കൊണ്ട് സന്തോഷിപ്പിക്കുകയാണ് ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ കമലഹാസൻ. ലോകേഷ് കനകരാജിന് പുത്തൻ കാ‌ർ സമ്മാനിച്ച കമൽ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്‌ടർമാർക്ക് ബെെക്കും നൽകി. ഒടുവിലായി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ സൂര്യയ്ക്ക് ഒരു വാച്ചും കമൽ സമ്മാനമായി നൽകിയിരിക്കുകയാണ്.

റോളക്സ് എന്ന വിളിപ്പേരുള്ള അധോലോക നായകനായാണ് സൂര്യ ചിത്രത്തിൽ എത്തിയത്. താരത്തിന് സമ്മാനമായി കമൽ നൽകിയതും റോളക്‌സ് വാച്ചാണ്. കമൽ നേരിട്ടെത്തിയാണ് സമ്മാനം നൽകിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും സൂര്യ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്റെയും ചിത്രങ്ങൾ വെെറലായിരുന്നു.

kamal-surya

സൂര്യ തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററില്‍ പങ്കുവച്ചത്. സമ്മാനത്തിനുള്ള നന്ദിയും താരം അറിയിച്ചിരുന്നു. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ എന്ന് സൂര്യ കുറിച്ചു. കമലഹാസന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സ്വന്തം വാച്ച് തന്നെയാണ് സൂര്യയ്ക്ക് സമ്മാനമായി അദ്ദേഹം ഊരി നൽകിയത്. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയായിരുന്നു കമലിന്റെ ആരാധകനായ സൂര്യ അഭിനയിച്ചത്.


മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് കമലഹാസൻ നായകനായ വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവർ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. എന്നാൽ ഇവർക്കെല്ലാം മുകളിൽ കെെയടി നേടിയത് മിനിട്ടുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സൂര്യയായിരുന്നു.

kamal-srk

ഇതാദ്യമായല്ല കമൽ ഇത്തരത്തിൽ തന്റെ കൂടെ അഭിനയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നത്. 22 വർഷങ്ങൾക്ക് മുൻപ് മറ്റൊരു താരത്തിനും കമൽ റിസ്റ്റ് വാച്ച് സമ്മാനമായി നൽകിയിട്ടുണ്ട്. കമലഹാസൻ സംവിധാനം ചെയ്ത് 'ഹേ റാം' എന്ന ചിത്രത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് അദ്ദേഹം റിസ്റ്റ് വാച്ച് സമ്മാനമായി കൊടുത്തത്.

ഷാരൂഖും ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വർഷങ്ങൾക്ക് മുൻപ് കളേഴ്‌സ് സിനിപ്ലെക്സിന് നൽകിയ ഒരു അഭിമുഖത്തിൽ കമൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

kamal-srk

'എന്റെ സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് ഒരുപാട് തവണ ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ഒടുവിൽ ഞാൻ സംവിധാനം ചെയ്ത 'ഹേ റാം' എന്ന ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ചിത്രത്തിന്റെ നിർമാതാവും ഞാൻ തന്നെയായിരുന്നു.

പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്‍റെ ബഡ്‌ജറ്റ് പ്രതീക്ഷിച്ചതിലും കൂടുതലായി. പലതവണ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടും അദ്ദേഹം വാങ്ങാൻ തയ്യാറായില്ല. സിനിമ റിലീസായതിന് ശേഷം അദ്ദേഹത്തിന് ഞാൻ ഒരു റിസ്റ്റ് വാച്ച് സമ്മാനമായി നൽകി' - കമലഹാസൻ പറഞ്ഞു.

hey-ram