
വർഷങ്ങൾക്ക് മുമ്പ് മെറ്റേണിറ്റി ഷൂട്ടെന്ന് പറഞ്ഞാൽ നെറ്റി ചുളിക്കുന്നവരായിരുന്നു നമ്മുടെ സമൂഹത്തിലധികവും. എന്നാൽ ഇന്ന് ഇതെല്ലാം സർവ സാധാരണമാണ്. ഇങ്ങനെയൊരു വ്യത്യാസം വരുത്തിയതിൽ സെലിബ്രിറ്റികൾ വഹിച്ച പങ്കും വളരെ വലുതാണ്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് സോനം കപൂറിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന സോനം വളരെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റൻ മെറ്റീരിയലിലാണ് ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. മുത്തുകളും ചെറിയ സീക്വൻസുകളും പിടിപ്പിച്ച സ്കർട്ടും അതിന് ചേരുന്ന രീതിയിൽ മുത്തുകൾ പിടിപ്പിച്ച് പല ലെയറുകളായി ഡിസൈൻ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ഗ്രീക്ക് ദേവതയെ പോലെ അതീവ സുന്ദരിയായാണ് സോനത്തിനെ ചിത്രത്തിൽ കാണുന്നത്. വസ്ത്രത്തിന്റെ ഡിസൈനർ ബ്രാൻഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം സോനത്തിന് ഇവർ ആശംസകളും നേർന്നിരുന്നു.