swapna

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും സരിത്തും മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുൻകൂർ ജാമ്യത്തിന് സ്വപ്‌ന അപേക്ഷ നൽകിയത്. ഹെെക്കോടതിയിലാണ് ഇവർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നു. പത്ത് വയസുള്ള മകൻ ഒറ്റയ്ക്കാകുമെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ശബ്‌ദരേഖ കെെയിലുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീൽ പരാതി നൽകിയത്. പരാതിയിൽ സ്വപ്‌ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയിൽ പറയുന്നത്.

ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂർണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. കൂടാതെ സോളാർ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്നാണ് പൊലീസ് പറയുന്നത്.

സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും സ്‌കാനിംഗിൽ ബാഗിൽ കറൻസിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ്‌ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുള‌ള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

വിദേശത്തേക്ക് കറൻസി കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ,​ ഭാര്യ കമല,​ മകൾ വീണ,​ എം.ശിവശങ്കർ,​ കെ.ടി ജലീൽ,​ സി.എം രവീന്ദ്രൻ,​ നളിനി നെറ്റോ എന്നിവർക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്‌ന ആരോപിച്ചത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലൻസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു