
തിരുവനന്തപുരം: ഓഹരി വിപണിയിലെ നിക്ഷേപ സാദ്ധ്യതകളും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിന് ധനമന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം വള്ളക്കടവ് റോഡിലുള്ള അറഫാ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് പരിപാടി.
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ദീപം വെബ്‌സൈറ്റിലെ https://dipam.gov.in/capitalMarketConfRgstrtn ഈ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ധനമന്ത്രാലം സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്' എന്ന പേരിലുള്ള ഈ സമ്മേളനം രാജ്യത്തുടനീളം 75 നഗരങ്ങളില്‍ വെള്ളിയാഴ്ച ഒരേസമയം നടക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
'മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം' എന്ന വിഷയത്തില്‍ ഓഹരി വിപണിയുടെ നിക്ഷേപ സാദ്ധ്യതകളെ പരിചയപ്പെടുത്തുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് സമ്മേളനം. ഇന്ത്യയിലെ ഓഹരി വിപണി, നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഓഹരികളുടെ വില്‍പ്പനയും കൈമാറ്റവും, വിപണി ധാര്‍മികത തുടങ്ങി വിഷയങ്ങളില്‍ വിദഗ്‌ദ്ധര്‍ ക്ലാസുകളെടുക്കും.
ജില്ലാ വികസന കമ്മീഷണറും, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി ഇ ഒയുമായ ഡോ. വിനയ് ഗോയൽ, കലക്ടര്‍ ഡോ.നവജ്യോത് ഖോസ, അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തലവൻ ഡോ. ഷൈജുമോൻ സി.എസ്, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജണൽ ഹെഡ് സന്ദീപ്. എസ്, സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിബുനാഥ് ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് മാനേജർ ആനന്ദ് ഷെയോൺ തുടങ്ങി ബാങ്കിങ്, ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.