elder-couple

സമസ്തിപൂർ: മകന്റെ മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി ജീവനക്കാർക്ക് കൈക്കൂലി നൽകാനായി പണം യാചിച്ച് വൃദ്ധരായ മാതാപിതാക്കൾ. ബിഹാറിലെ സമസ്തപുരിയിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കിൽ 50,000രൂപ നൽകണമെന്നാണ് സർക്കാർ ആശുപത്രിയിലെ ജീവനക്കാർ ആവശ്യപ്പെട്ടത്. പറഞ്ഞ തുക നൽകാനില്ലാത്തതിനാൽ മൃതദേഹം വിട്ടു നൽകാതായതോടെയാണ് മാതാപിതാക്കൾ തെരുവിൽ യാചിക്കാൻ ഇറങ്ങിയത്. ദമ്പതികൾ യാചിക്കുന്നതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'കുറച്ച് ദിവസമായി മകനെ കാണാനില്ല, ഇന്നലെയാണ് സമസ്തിപൂരിലെ സദർ ആശുപത്രിയിൽ മൃതദേഹം ഉണ്ടെന്ന് പറഞ്ഞ് ഫോൺ കോൾ വന്നത്. ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോൾ മൃതദേഹം വിട്ടു കിട്ടണമെങ്കിൽ 50,000രൂപ നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഞങ്ങൾ പാവപ്പെട്ടവരാണ്. ഇത്രയും വലിയ തുക എങ്ങനെ നൽകണമെന്ന് അറിയില്ല.' - പിതാവ് പറഞ്ഞു.

ആശുപത്രിയിലെ ജീവനക്കാരിൽ ഭൂരിഭാഗവും കോൺട്രാക്ട് ജീവനക്കാരാണ്. അവർക്ക് പലപ്പോഴും ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും പലരും രോഗികളുടെ ബന്ധുക്കളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാർത്തകൾ നേരത്തെയും പുറത്തു വന്നിരുന്നു. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.